ഒമാൻ: പൊതുമേഖലയിലെ നാല്പത്തിനായിരത്തോളം പ്രവാസികളെ പടിപടിയായി ഒഴിവാക്കുമെന്ന് തൊഴിൽ മന്ത്രാലയം

Oman

രാജ്യത്തെ സർക്കാർ മേഖലയിൽ തൊഴിലെടുക്കുന്ന നാല്പത്തിനായിരത്തോളം പ്രവാസികളെ സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും, പകരം ഒമാൻ പൗരന്മാരെ നിയമിക്കുമെന്നും ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒമാൻ മിനിസ്ട്രി ഓഫ് ലേബറിലെ അണ്ടർ സെക്രട്ടറി ഷെയ്ഖ് നസ്ർ ബിൻ അമീർ അൽ ഹോസ്നിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി ഈ വർഷം അവസാനിക്കുന്നതിന് മുൻപായി സർക്കാർ മേഖലയിലെ 7000 പ്രവാസികൾക്ക് പകരം ഒമാൻ പൗരന്മാരെ നിയമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ഓരോ വർഷവും 7000 മുതൽ 10000 വരെ പ്രവാസി ജീവനക്കാർക്ക് പകരം ഒമാൻ പൗരന്മാരെ നിയമിക്കുമെന്നും, ഇപ്രകാരം സർക്കാർ മേഖലയിൽ ആകെ തൊഴിലെടുക്കുന്ന നാല്പത്തിനായിരത്തോളം പ്രവാസികളെ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒമാനിലെ സ്വകാര്യ മേഖലയിലും സ്വദേശിവത്കരണ നടപടികൾ തുടരുകയാണ്. ഈ വർഷം സ്വകാര്യ മേഖലയിൽ 3010 പ്രവാസികളെ ഒഴിവാക്കിയതായും, അവർക്ക് പകരം ഒമാൻ പൗരന്മാരെ നിയമിച്ചതായും അൽ ഹോസ്നി അറിയിച്ചു. സ്വകാര്യ മേഖലയിൽ ഈ വർഷം ഏതാണ്ട് 12000 പ്രവാസികളെ ഒഴിവാക്കുന്നതിനാണ് ലക്ഷ്യമിട്ടതെന്നും, നിലവിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം ഇത് കൈവരിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.