ഒമാനിലെ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനത്തിന്റെ ആദ്യ ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ന് (സെപ്റ്റംബർ 27, ഞായറാഴ്ച്ച) മുതൽ ഇന്റർസിറ്റി ബസ് സർവീസുകൾ ആരംഭിക്കുന്നു. സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം, ഒമാനിലെ പൊതുഗതാഗത സംവിധാനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സെപ്റ്റംബർ 22, ചൊവ്വാഴ്ച്ച അറിയിച്ചിരുന്നു.
ഈ തീരുമാനത്തിന്റെ ഭാഗമായി ഒമാനിലെ പൊതുഗതാഗത സ്ഥാപനമായ മുവാസലാത്ത് തങ്ങളുടെ ഇന്റർസിറ്റി ബസ് സർവീസുകൾ ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുന്നതായി അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 22-ലെ അറിയിപ്പിൽ നിർദ്ദേശിച്ചിരുന്ന തീയ്യതികൾ പ്രകാരമാണ് രാജ്യത്തെ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കുന്നത്.
സെപ്റ്റംബർ 27 മുതൽ ഇന്റർസിറ്റി സേവനങ്ങൾ, ഒക്ടോബർ 4 മുതൽ മസ്‌കറ്റ് സിറ്റിയ്ക്കുള്ളിലെ പൊതു ഗതാഗത സേവനങ്ങൾ, ഒക്ടോബർ 18 മുതൽ സലാല സിറ്റിയ്ക്കുള്ളിലെ പൊതു ഗതാഗത സേവനങ്ങൾ എന്നിങ്ങനെ ഘട്ടങ്ങളായാണ് ഒമാനിലെ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കുന്നത്. സുഹർ നഗരപരിധിയിലെ പൊതുഗതാഗത സേവനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് മന്ത്രാലയം പിന്നീട് അറിയിക്കുന്നതാണ്.
മസ്‌കറ്റ് ഗവർണറേറ്റിൽ നിന്ന് ജലാൻ ബനി ബു അലി, ബുറൈമി, ഇബ്രി, ദുഖം, യാൻഖുൽ, സുർ, റുസ്താഖ്, മാർമുൽ, മസീറ, കസബ്, ഹെമ എന്നീ വിലായത്തുകളിലേക്ക് മുവാസലാത്ത് സർവീസുകൾ നടത്തുന്നതാണ്. https://mwasalat.om/en-us/Services/Intercity-Outside-Muscat എന്ന വിലാസത്തിൽ ബസ് സർവീസുകളുടെ വിവരങ്ങൾ, യാത്രാ നിരക്കുകൾ എന്നിവ ലഭ്യമാണ്.
കർശനമായ ആരോഗ്യ സുരക്ഷാ നിബന്ധനകൾക്ക് വിധേയമായാണ് പൊതുഗതാഗത സംവിധാനങ്ങൾ പുനരാരംഭിക്കുന്നത്. യാത്രയിലുടനീളം മാസ്കുകൾ നിർബന്ധമാണ്. സമൂഹ അകലം ഉൾപ്പടെയുള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.