ഒമാനിലെ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാനും, വീഴ്ചകൾ വരുത്തുന്നവരെ സമൂഹത്തിനു മുൻപിൽ കൊണ്ടുവരാനും ജൂലൈ 7-നു ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.
സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി, നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചകളില്ലാത്ത നടപടികൾ എടുക്കുന്നതിനുള്ള വിവിധ തീരുമാനങ്ങൾ എടുത്തതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വിവിധ മാധ്യമങ്ങളിലൂടെ, COVID-19 നിയമലംഘകരുടെ ഫോട്ടോ, വ്യക്തിവിവരങ്ങൾ മുതലായവ പ്രദർശിപ്പിക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. നിരന്തരമായ ബോധവത്കരണ പ്രവർത്തനങ്ങൾക്കും, അറിയിപ്പുകൾക്കും ശേഷവും സുരക്ഷാ വീഴ്ചകൾ പതിവാകുന്നതിനാലാണ് നിയമം കൂടുതൽ കർശനമാക്കാനുള്ള തീരുമാനം.
സമൂഹത്തിലെ ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചകളും, ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റങ്ങളും രാജ്യത്തെ രോഗവ്യാപനം വർദ്ധിപ്പിക്കാൻ ഇടയാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജ്യത്ത്, ഏതാനം ദിവസങ്ങൾക്കിടയിലുണ്ടായ രോഗബാധിതരുടെ എണ്ണത്തിലെ വലിയ വർദ്ധനവ് ആശങ്കകൾക്കിടയാക്കുന്നതാണെന്നും, ഇതിൽ ഏറിയ പങ്കും സുരക്ഷാ വീഴ്ചകൾ മൂലമുള്ള രോഗവ്യാപനമാണെന്നും, അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ്, ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നടപടികൾ കടുപ്പിക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്.