ഒമാൻ: ലൈസൻസ് കൂടാതെ പോസ്റ്റൽ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് TRA മുന്നറിയിപ്പ് നൽകി

featured GCC News

രാജ്യത്ത് പ്രത്യേക ലൈസൻസ് കൂടാതെ തപാൽ സേവനങ്ങളും, അനുബന്ധ സേവനങ്ങളും നൽകുന്ന സ്ഥാപനങ്ങൾക്ക് ഒമാനിലെ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) മുന്നറിയിപ്പ് നൽകി. ഇത്തരം സേവനങ്ങൾ നൽകുന്നതിന് രാജ്യത്ത് പ്രത്യേക പ്രവർത്തന ലൈസൻസ് നിർബന്ധമാണെന്നും, ഇത് കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ ഉണ്ടാകാമെന്നും TRA കൂട്ടിച്ചേർത്തു.

ഫെബ്രുവരി 16-നാണ് TRA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. “ലൈസൻസ് കൂടാതെ പോസ്റ്റൽ സേവനങ്ങൾ നടത്തിവരുന്ന മുഴുവൻ സ്ഥാപനങ്ങളും അടിയന്തിരമായി ഇത്തരം പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണ്.”, TRA അറിയിപ്പിൽ വ്യക്തമാക്കുന്നു. 25 കിലോഗ്രാം വരെ ഭാരമുള്ള രേഖകൾ, പാർസലുകൾ, വസ്തുക്കൾ തുടങ്ങിയവ വിതരണം ചെയ്യുന്ന സേവനങ്ങളെ ഒമാനിൽ പോസ്റ്റൽ സേവനങ്ങളായി കണക്കാക്കുന്നതാണ്.

“രാജ്യത്ത് ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടാൻ താത്പര്യമുള്ള സ്ഥാപനങ്ങൾ, ഇതിനായുള്ള ലൈസൻസിന് അപേക്ഷിക്കേണ്ടതാണ്. നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനും, നിയമനടപടികൾ ഒഴിവാക്കുന്നതിനും ലൈസൻസ് നിർബന്ധമാണ്.”, TRA അറിയിച്ചു. “രാജ്യത്ത് ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും രാജകീയ ഉത്തരവ് ’71/2012 ‘, എക്സിക്യൂട്ടീവ് ഉത്തരവ് ’89/2013’ പ്രകാരം ഒമാനിലെ പോസ്റ്റൽ സർവീസ് റെഗുലേറ്ററി നിയമത്തിൽ അനുശാസിക്കുന്ന നിബന്ധനകൾക്കനുസരിച്ചുള്ള ലൈസൻസ് നിർബന്ധമാണ്.”, TRA കൂട്ടിച്ചേർത്തു.

ഈ നിയമങ്ങളിലെ ആർട്ടിക്കിൾ 38 പ്രകാരം ലൈസൻസ് കൂടാതെ ഇത്തരം പ്രവർത്തനങ്ങൾ നൽകുന്നവർക്ക് ആയിരം മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തപ്പെടാവുന്നതാണ്. ഒരു തവണ പിടിക്കപ്പെട്ടവർ വീണ്ടും ഇത്തരം നിയമലംഘനങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇരട്ടി പിഴ ചുമത്തുമെന്നും TRA മുന്നറിയിപ്പ് നൽകി.