2021 ജനുവരി 1 മുതൽ രാജ്യത്ത് നടപ്പിലാക്കുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നതിനുള്ള തീരുമാനം കണക്കിലെടുത്ത് പൊതുജനങ്ങളോട് പരിസ്ഥിതി സൗഹൃദ ബാഗുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി ആഹ്വാനം ചെയ്തു. പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, 2021 ജനുവരി 1 മുതൽ രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ഷോപ്പിംഗ് ബാഗുകൾ നിരോധിക്കുമെന്ന് ഒമാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കപ്പെടുമ്പോൾ അവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന മാർഗ്ഗങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിന്റെ ഭാഗമായാണ് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി ട്വിറ്ററിലൂടെ പ്രത്യേക അറിയിപ്പ് പുറത്തിറക്കിയത്. പ്രകൃതി മലിനീകരണത്തിന് കാരണമാകുന്ന ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ രാജ്യത്ത് നിരോധിക്കുന്നതോടെ ഷോപ്പിങ്ങിനും മറ്റുമായി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപയോഗിക്കാൻ സമൂഹത്തോട് അതോറിറ്റി ആവശ്യപ്പെട്ടു.
തുണി, കടലാസ് മുതലായ വസ്തുക്കളാൽ നിർമ്മിച്ചിട്ടുള്ള ബാഗുകൾ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതോടൊപ്പം, വീണ്ടും വീണ്ടും ഉപയോഗിക്കാൻ സാധ്യമാകുന്നതിലൂടെ മാലിന്യത്തിന്റെ അളവും നിയന്ത്രിക്കുമെന്ന് അതോറിറ്റി അറിയിപ്പിലൂടെ വ്യക്തമാക്കി. ഇത്തരം പരിസ്ഥിതി സൗഹൃദ ബാഗുകൾ വാണിജ്യ സ്ഥാപനങ്ങളിൽ ലഭ്യമാണെന്നും അതോറിറ്റി അറിയിച്ചു.
വീണ്ടും ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ബാഗുകളുടെ ഉപയോഗം സമൂഹത്തിൽ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, രാജ്യത്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ച് കൊണ്ടുവരുന്നതിന് അധികൃതർ ലക്ഷ്യമിടുന്നുണ്ട്. പരിസ്ഥിതി സൗഹൃദ ബാഗുകൾ നൂറിൽ പരം തവണ ഉപയോഗിക്കാവുന്നതാണ്. എന്നാൽ, 50 മൈക്രോണിൽ താഴെ കനമുള്ള പ്ലാസ്റ്റിക് ബാഗുകൾ ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഇത് മൂലം ഉടലെടുക്കുന്ന പ്രകൃതി മലിനീകരണത്തിന്റെ തോത് ഭയാനകമാണെന്ന് മാത്രമല്ല, ഇത്തരം ഒരു ബാഗ് പൂർണ്ണമായും പ്രകൃതിയിൽ ലയിക്കുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾ എടുക്കുന്നു എന്നതും ആശങ്കകൾ ഉയർത്തുന്ന ഘടകങ്ങളാണ്.