ഒമാൻ: ദേശീയ വാക്സിനേഷൻ പദ്ധതി വിപുലീകരിക്കുന്നു; 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകും

featured GCC News

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ 2021 ജൂൺ മാസത്തിൽ കൂടുതൽ വിപുലീകരിക്കുമെന്നും, ഇതിന്റെ ഭാഗമായി വലിയ വാക്സിനേഷൻ പ്രചാരണപരിപാടികൾ സംഘടിപ്പിക്കുമെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂൺ മാസത്തിൽ ഒന്നേകാൽ ദശലക്ഷത്തോളം ഡോസ് വാക്സിൻ ഒമാനിൽ എത്തുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

ഇതിൽ രണ്ട് ലക്ഷം ഡോസ് വാക്സിൻ ഏതാനം ദിവസങ്ങൾക്ക് മുൻപ് രാജ്യത്ത് എത്തിക്കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾ, മുഴുവന് സർക്കാർ ജീവനക്കാർ, 45 വയസിന് മുകളിൽ പ്രായമായുള്ളവർ തുടങ്ങി കൂടുതൽ വിഭാഗങ്ങളിലേക്ക് ഈ പദ്ധതിയുടെ ഭാഗമായി വാക്സിൻ എത്തിക്കുന്നതാണ്. പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകുന്ന നടപടി ഒരാഴ്ച്ച മുൻപ് ഒമാൻ ആരംഭിച്ചിട്ടുണ്ട്.

വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നേരത്തെ വാക്സിനെടുക്കാത്ത സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള പകർച്ചവ്യാധി വിഭാഗം ഡയറക്ടർ ബദ്ർ ബിൻ സൈഫ് അൽ റൊവാഹി അറിയിച്ചു. രാജ്യത്തെ ഏതാണ്ട് 70 ശതമാനം പേർക്ക് വാക്സിൻ നൽകുന്നത് ലക്ഷ്യമിട്ട് മന്ത്രാലയം നടപ്പിലാക്കുന്ന നടപടിക്രമങ്ങളും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഒമാനിൽ ദേശീയ വാക്സിനേഷൻ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി താഴെ പറയുന്ന വിഭാഗങ്ങൾക്ക് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്:

  • പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകുന്ന നടപടി മെയ് 26 മുതൽ ആരംഭിച്ചിട്ടുണ്ട്.
  • ഇതുവരെ വാക്സിനെടുക്കാത്ത സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, സൈനികർ, മറ്റു സെക്യൂരിറ്റി ജീവനക്കാർ, സേവനമേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ജൂൺ രണ്ടാം ആഴ്ച്ച മുതൽ വാക്സിൻ നൽകാൻ ആരംഭിക്കും.
  • ജൂണിലെ മൂന്നാമത്തെ ആഴ്ച്ച മുതൽ 45 വയസ്സിന് മുകളിൽ പ്രായമുള്ള നിവാസികൾക്ക് കുത്തിവെപ്പ് നൽകും.
  • പത്ത് ആഴ്ച്ചകൾക്ക് മുൻപ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തവർക്കുള്ള രണ്ടാം ഡോസ് വാക്സിൻ നൽകും.
  • വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ വരുന്ന ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർക്ക് ജൂലൈ മാസം മുതൽ വാക്സിൻ നൽകും.

വാക്സിനേഷൻ നടപടികൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി രാജ്യവ്യാപകമായി കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഏതാനം ഗവർണറേറ്റുകളിൽ പ്രായമായവരും, രക്ഷിതാക്കളും വാക്സിൻ എടുക്കാൻ വിമുഖത കാണിക്കുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.