സിനോവാക് COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി WHO

featured International News

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോവാക് നിർമ്മിക്കുന്ന സിനോവാക്-കൊറോണവാക് COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. 2021 ജൂൺ 1, വെള്ളിയാഴ്ച്ചയാണ് WHO ഇക്കാര്യം വ്യക്തമാക്കിയത്.

സിനോവാക്-കൊറോണവാക് വാക്സിൻ സുരക്ഷ, ഫലപ്രാപ്‌തി, നിർമ്മാണപ്രക്രിയ എന്നിവയിൽ പൂർണ്ണമായും അന്താരാഷ്ട്ര നിലവാരങ്ങളെല്ലാം പുലർത്തുന്നതായി WHO സാക്ഷ്യപ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ്പ് ഓഫ് എക്സ്പെർട്ട്സ് ഓൺ ഇമ്മ്യൂണൈസേഷൻ (SAGE) സിനോവാക്-കൊറോണവാക് വാക്സിൻ സംബന്ധിച്ച വിശകലനങ്ങൾ നടത്തിയ ശേഷം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയിരിക്കുന്നത്.

“നിലവിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവരിൽ ഈ വാക്സിൻ ഉപയോഗിക്കാൻ WHO അനുമതി നൽകുന്നു. രണ്ട് മുതൽ നാല് ആഴ്ച്ച വരെ ഇടവേളയിൽ രണ്ട് ഡോസുകളിലായാണ് ഈ വാക്സിൻ നൽകേണ്ടത്. ഈ വാക്സിനെടുത്തവരിൽ 51 ശതമാനം പേരിൽ രോഗലക്ഷണങ്ങൾ രൂക്ഷമാകുന്നത് തടയുന്നതിൽ വാക്സിൻ ഫലപ്രാപ്തമാണ്. ഈ വാക്സിനെടുത്തവരിൽ മുഴുവൻ പേർക്കും ആശുപത്രി ചികിത്സ ഒഴിവാക്കാനായതായും കണ്ടെത്തിയിട്ടുണ്ട്.”, WHO പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

നിർജ്ജീവമാക്കിയ വാക്സിനായ സിനോവാക്-കൊറോണവാക് പ്രത്യേക സംവിധാനങ്ങൾ ഇല്ലാതെ തന്നെ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. ബെയ്‌ജിങ്ങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനോവാക് എന്ന സ്ഥാപനമാണ് ഈ വാക്സിൻ നിർമ്മിച്ചിരിക്കുന്നത്.