രാജ്യത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ട്രേഡിങ്ങ് സംവിധാനങ്ങളുമായി ഇടപാടുകൾ നടത്തുന്നതിനെക്കുറിച്ച് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി. ഒമാൻ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയാണ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
🔹 هيئة الخدمات المالية تحذر من المنصات الإلكترونية غير المرخصة pic.twitter.com/h0H6AoYaTX
— هيئة الخدمات المالية (FSA) – سلطنة عمان (@fsa_oman) March 16, 2025
സംശയകരമായ സാമ്പത്തിക സേവനങ്ങൾ വാഗ്‌ദാനം ചെയ്യുന്ന അനധികൃത ഓൺലൈൻ ട്രേഡിങ്ങ് സംവിധാനങ്ങളുമായി ഇടപാടുകൾ നടത്തുന്നതിന്റെ അപകടങ്ങൾ അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉയർന്ന സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്യുന്ന ഒമാന് പുറത്ത് നിക്ഷേപങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട സേവനങ്ങൾ, വ്യക്തികൾക്കുള്ള പോർട്ട്ഫോളിയോ മാനേജ്‌മന്റ് സേവനങ്ങൾ, ഓഹരികളുടെ വിപണനവുമായി ബന്ധപ്പെട്ട സേവനങ്ങൾ തുടങ്ങിയവ നൽകുന്ന ഇത്തരം സംവിധാനങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഒമാൻ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
ഉപഭോക്താക്കളെ വിശ്വാസത്തിലെടുക്കുന്നതിനായി ഇത്തരം അനധികൃത സ്ഥാപനങ്ങൾ പലപ്പോഴും കീർത്തികരമായ രീതിയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ പേരുകൾ ദുരുപയോഗം ചെയ്യുന്നതായി അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം ചതിക്കുഴികൾ ഒഴിവാക്കുന്നതിനായി താഴെ പറയുന്ന കാര്യങ്ങളിൽ ജാഗ്രത പുലർത്താൻ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്:
- നിക്ഷേപങ്ങൾ നടത്തുന്നതിന് മുൻപായി ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് പൂർണ്ണമായും ബോധ്യം വരുത്തേണ്ടതാണ്.
- ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയുടെ ഔദ്യോഗിക ലൈസൻസ് നേടിയിട്ടുള്ള സംവിധാനങ്ങളിൽ മാത്രം ഇടപാടുകൾ നടത്തുക.
- ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്യുന്ന പദ്ധതികളെക്കുറിച്ച് എപ്പോഴും ജാഗ്രത പുലർത്തേണ്ടതാണ്. ഒട്ടുമിക്ക അവസരങ്ങളിലും ഇത്തരം വാഗ്ദാനങ്ങൾ തട്ടിപ്പ് ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
- ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്ന അനധികൃത ഓൺലൈൻ ട്രേഡിങ്ങ് സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കേണ്ടതാണ്.