യു എ ഇയുടെ 55-മത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി പുറത്തിറക്കുന്നതിനുള്ള ഔദ്യോഗിക സ്മാരക തപാൽ സ്റ്റാമ്പിനുള്ള ഡിസൈനുകൾ ക്ഷണിച്ചു.
Design Commission Abu Dhabi launches nationwide open call to design official Eid Al Etihad 55 commemorative stamp#WamNews https://t.co/SVbulUS0fW pic.twitter.com/m9fPPNoy0G
— WAM English (@WAMNEWS_ENG) September 15, 2026
ഡിസൈൻ കമ്മീഷൻ അബുദാബിയാണ് (DCAD) ഈദ് അൽ എത്തിഹാദ് 2026-ന്റെ ഭാഗമായുള്ള ഔദ്യോഗിക സ്റ്റാമ്പ് രൂപകൽപ്പന ചെയ്യുന്നതിനുള്ള ഒരു രാജ്യവ്യാപക ഓപ്പൺ കോൾ ആരംഭിച്ചിരിക്കുന്നത്. 2026 സെപ്റ്റംബർ 15-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യു എ ഇയിലുടനീളമുള്ള പ്രൊഫഷണൽ ഡിസൈനർമാർ, വിഷ്വൽ ആർട്ടിസ്റ്റുകൾ, ചിത്രകാരന്മാർ, ഗ്രാഫിക് ഡിസൈനർമാർ, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെയുള്ള യു എ ഇ പൗരന്മാർക്കും, പ്രവാസികൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. യു എ ഇയുടെ ജനത, സംസ്കാരം, നവീകരണം, പൈതൃകം, അഭിലാഷങ്ങൾ, ഭാവിയെക്കുറിച്ചുള്ള ദർശനം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിലൂടെ അതിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള സ്റ്റാമ്പ് രൂപകല്പനകളാണ് ഇത്തരത്തിൽ പ്രതീക്ഷിക്കുന്നത്.
അപേക്ഷകർക്ക് വാസ്തുവിദ്യ, പ്രകൃതി, സാങ്കേതികവിദ്യ, സമൂഹം, ദേശീയ ഐഡന്റിറ്റി തുടങ്ങിയ മേഖലകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ ഡിസൈനുകൾ നിർവഹിക്കാവുന്നതാണ്. എമിറേറ്റ്സ് പോസ്റ്റ് നൽകുന്ന അന്തിമ സാങ്കേതിക, ബ്രാൻഡ് മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായിട്ടാണ് അന്തിമ ഡിസൈനുകൾ തിരഞ്ഞെടുക്കുന്നത്.
ഓരോ അപേക്ഷകനും കുറഞ്ഞത് മൂന്ന് മുതൽ പരമാവധി ആറ് വരെ ഡിസൈനുകൾ അടങ്ങുന്ന ഒരു എൻട്രി സമർപ്പിക്കാവുന്നതാണ്. എല്ലാ ഡിസൈനുകളും ഒരു സ്ഥിരമായ തീമിനെ അടിസ്ഥാനമാക്കിയുള്ളവയായിരിക്കണം. എൻട്രികൾക്കൊപ്പം സൃഷ്ടിയുടെ പിന്നിലെ കഥയോ ആശയമോ ഉണ്ടായിരിക്കണം.
അപേക്ഷകൾ 2026 ഒക്ടോബർ 7 വരെ സ്വീകരിക്കുന്നതാണ്. തുടർന്ന് 2026 ഒക്ടോബറിൽ DCAD, എമിറേറ്റ്സ് പോസ്റ്റ് ബോർഡുകളിൽ നിന്നുള്ള പ്രതിനിധികൾ ഇവ വിലയിരുത്തുന്നതാണ്. മൂന്ന് എൻട്രികളെ ഫൈനലിസ്റ്റുകളായി തിരഞ്ഞെടുക്കുകയും വിജയിക്കുന്ന എൻട്രി 2026 നവംബർ 3-ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ്.
മൂന്ന് ഫൈനലിസ്റ്റുകൾക്ക് ഒന്നാം സ്ഥാനത്തിന് AED10,000, രണ്ടാം സ്ഥാനത്തിന് AED7,000, മൂന്നാം സ്ഥാനത്തിന് AED3,000 എന്നിങ്ങനെ ക്യാഷ് പ്രൈസുകൾ ലഭിക്കുന്നതാണ്. https://www.dcad.ae/emirates-post-55-stamp എന്ന വിലാസത്തിലൂടെ ഈ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
WAM

