ബഹ്‌റൈൻ: COVID-19 വാക്സിൻ പരീക്ഷണത്തിൽ ഇതുവരെ 3000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായി

GCC News

രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ ഇതുവരെ 3000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിൽ ബഹ്‌റൈൻ പൗരന്മാരും നിവാസികളും ഉൾപ്പെടുന്നു.

രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് (BIECC) വാക്സിൻ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്ന സന്നദ്ധസേവകരുടെ രജിസ്‌ട്രേഷൻ നടപടികളും, വാക്സിൻ നൽകുന്ന നടപടികളും പുരോഗമിക്കുന്നത്. വാക്സിൻ സ്വീകരിച്ച സന്നദ്ധപ്രവർത്തകർക്കാർക്കും ഇതുവരെ പാർശ്വഫലങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

ബഹ്‌റൈനിൽ COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 10-ന് അറിയിച്ചിരുന്നു. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും (CNBG), അബുദാബി ആസ്ഥാനമായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ ഗ്രൂപ്പ് 42-ഉം (G42) തമ്മിൽ സംയുക്തമായി യു എ ഇയിൽ നടപ്പിലാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളാണ് ബഹ്‌റൈനിലും നടന്നുവരുന്നത്. യു എ ഇയുമായി ചേർന്നാണ് ബഹ്‌റൈൻ ആരാഗ്യമന്ത്രാലയം രാജ്യത്ത് ഈ വാക്സിൻ പരീക്ഷണം നടപ്പിലാക്കുന്നത്. ഈ പരീക്ഷണങ്ങൾക്ക് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (NHRA) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരിൽ നിന്നും, നിവാസികളിൽ നിന്നും തിരഞ്ഞെടുക്കുന്ന 18 വയസിനു മുകളിൽ പ്രായമുള്ള 6000 സന്നദ്ധസേവകർക്കാണ് വാക്സിൻ നൽകാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവരിൽ നിന്നാണ് സന്നദ്ധസേവകരെ തിരഞ്ഞെടുക്കുന്നത്. സന്നദ്ധസേവകരാകാൻ താത്‌പര്യമുള്ളവർക്ക് രാവിലെ 8 മുതൽ വൈകീട്ട് 8 വരെ BIECC-ൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കുന്നതിനുള്ള സന്നദ്ധത അറിയിക്കാവുന്നതാണ്. കർശനമായ ആരോഗ്യ പരിശോധനകൾക്ക് ശേഷമാണ് സന്നദ്ധസേവകരെ തിരഞ്ഞെടുക്കുക.