സിവിൽ ഐഡി കാർഡ് സേവനങ്ങൾക്കായി എത്തുന്ന കുവൈറ്റ് പൗരന്മാർക്കും, പ്രവാസികൾക്കും പ്രത്യേക സമയക്രമങ്ങൾ ഏർപ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അറിയിച്ചു. പുതിയ സമയക്രമപ്രകാരം, സൗത്ത് സുർറയിലെ PACI പ്രധാന കെട്ടിടത്തിലെ സേവനകേന്ദ്രത്തിലെത്തുന്ന കുവൈറ്റ് പൗരന്മാർ, ജി സി സി പൗരന്മാർ എന്നിവർക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, പ്രവാസികൾക്ക് ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 6 വരെയും അപേക്ഷകളുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾ നൽകുന്നതാണ്.
നടപടികൾക്ക് ശേഷം സിവിൽ ഐഡി കാർഡുകൾ സ്വീകരിക്കുന്നതിനുള്ള സേവനം രാവിലെ 6 മുതൽ വൈകീട്ട് 6 വരെ സാധാരണ രീതിയിൽ പൗരന്മാർക്കും, പ്രവാസികൾക്കും തുടരുമെന്നും PACI വ്യക്തമാക്കി.
സിവിൽ ഐഡി കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി എത്തുന്ന മുഴുവൻ പേർക്കും (പൗരന്മാരും, പ്രവാസികളും ഉൾപ്പടെ) ഓൺലൈനിലൂടെ മുൻകൂർ അനുവാദം നിർബന്ധമാണ്. PACI ഔദ്യോഗിക വെബ്സൈറ്റിലൂടെ വിവരങ്ങൾ നൽകിയ ശേഷം മുൻകൂർ അനുവാദം ലഭിക്കുന്നതാണ്. ഈ മുൻകൂർ അനുവാദപ്രകാരമുള്ള സമയക്രമം പാലിക്കാൻ സേവനകേന്ദ്രങ്ങളിലെത്തുന്ന അപേക്ഷകർ ശ്രദ്ധിക്കേണ്ടതാണ്.
മുൻകൂർ അനുവാദം ഇല്ലാത്തവർക്ക് സേവനങ്ങൾ നൽകുന്നതല്ല എന്നും അറിയിപ്പിൽ പറയുന്നുണ്ട്. സേവനകേന്ദ്രങ്ങളിലെത്തുന്നവർ സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം തുടങ്ങിയ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും PACI വ്യക്തമാക്കി.