യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പട്ടണത്തിലെ പൊതു പാർക്കിംഗ് സംവിധാനങ്ങളിൽ വാഹനങ്ങളുടെ പാർക്കിംഗ് സൗജന്യമാക്കിയതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു. ഡിസംബർ 1, ചൊവ്വാഴ്ച്ച മുതൽ ഡിസംബർ 3, വ്യാഴാഴ്ച്ച വരെയാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഷാർജയിൽ പാർക്കിംഗ് സൗജന്യമാക്കുന്നത്.
ഡിസംബർ 5, ശനിയാഴ്ച്ച മുതൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് പുനരാരംഭിക്കുമെന്നും മുൻസിപ്പാലിറ്റി വ്യക്തമാക്കി. ഈ കാലയളവിൽ വാഹനങ്ങൾ കൃത്യമായി പാർക്കിംഗ് ഇടങ്ങളിൽ തന്നെ നിർത്തിയിടാനും, ട്രാഫിക് തടസപ്പെടുത്തിക്കൊണ്ട് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാനും പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
വാഹനങ്ങൾ കൃത്യമായി പാർക്കിംഗ് ഇടങ്ങളിൽ തന്നെ പാർക്ക് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായും, പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും പാർക്കിംഗ് ഇൻസ്‌പെക്ടർമാർ പരിശോധനകൾ നടത്തുമെന്ന് മുൻസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. തെറ്റായ രീതിയിൽ വാഹനങ്ങൾ നിർത്തിയിടുന്നതും, മറ്റു വാഹനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നതുമായ പ്രവർത്തികൾക്ക് പിഴ ചുമത്തുന്നതാണ്. വെള്ളിയാഴ്ച്ചകളിലും, പൊതു അവധി ദിനങ്ങളിലും പാർക്കിംഗ് ഫീസ് നിർബന്ധമാക്കിയിട്ടുള്ള പ്രത്യേക പാർക്കിംഗ് ഇടങ്ങളിലൊഴികെ എല്ലാ പൊതു പാർക്കിങ്ങുകളിലും ഡിസംബർ 1 മുതൽ ഡിസംബർ 3 വരെ സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയാവുന്നതാണ്.