യു എ ഇ: ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള എംബസ്സി റെജിസ്ട്രേഷൻ ഒഴിവാക്കി; നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം

GCC News

നാട്ടിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക്, യു എ ഇയിലെ നയതന്ത്രകാര്യാലയങ്ങളിൽ റെജിസ്റ്റർ ചെയ്യാതെ നേരിട്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇന്ത്യയും, യു എ ഇയും തമ്മിൽ ഏർപ്പെട്ടിട്ടുള്ള എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. നേരത്തെ ഇത്തരം പ്രത്യേക വിമാനങ്ങളിൽ, എംബസിയുമായി റെജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം നൽകിയിരുന്നത്.

എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ വിമാനകമ്പനികൾക്ക് പുറമെ, യു എ ഇ വിമാനക്കമ്പനികളും ഇന്ത്യയിലേക്കും, തിരികെയും സർവീസുകൾ നടത്തുന്നതാണ്. എയർ ബബിൾ സംവിധാനം നിലവിൽ വന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് നയതന്ത്രകാര്യാലയങ്ങളിൽ റെജിസ്റ്റർ ചെയ്യാതെ നാട്ടിലേക്ക് മടങ്ങുന്നതിനു അനുവാദം നൽകാൻ ഇന്ത്യൻ ആഭ്യന്തരകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം എന്നിവർ സംയുക്തമായി തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്നാണ്, ഈ വിമാനങ്ങളിൽ യാത്രികർക്ക് എംബസി റെജിസ്ട്രേഷൻ കൂടാതെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് സെപ്റ്റംബർ 1-നു വൈകീട്ട് അറിയിച്ചത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നിവർ നടത്തുന്ന സർവീസുകളിലും ഈ തീരുമാനം ബാധകമാണ്.

ഇത്തരത്തിൽ റെജിസ്റ്റർ ചെയ്യാനായി ഏർപ്പെടുത്തിയിരുന്ന ഓൺലൈൻ സംവിധാനം നിർത്തലാക്കിയതായും കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങുന്നവർ 96 മണിക്കൂറിനുള്ളിൽ ലഭിച്ചിട്ടുള്ള RT-PCR പരിശോധനാ ഫലം എയർ സുവിധാ പോർട്ടലിലൂടെ (https://www.newdelhiairport.in/airsuvidha/apho-registration) നൽകുകയാണെങ്കിൽ, ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലൂടെ പ്രവേശിക്കുന്ന ഘട്ടത്തിലും ആവശ്യമായി വരുന്ന ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികൾ ഒഴിവാക്കാവുന്നതാണെന്നും കോൺസുലേറ്റ് അറിയിച്ചു. RT-PCR നിർബന്ധമല്ലെങ്കിലും, പരിശോധനാ റിസൾട്ടുമായി യാത്രചെയ്യുന്നതാണ് അഭികാമ്യമെന്നും കോൺസുലേറ്റ് കൂട്ടിച്ചേർത്തു.

യു എ ഇയ്ക്ക് പുറമെ ഇന്ത്യയുമായി എയർ ബബിൾ കരാർ നിലവിൽ വന്നിട്ടുള്ള മറ്റു 6 രാജ്യങ്ങളിൽ (ഖത്തർ, യു എസ്, യു കെ, ഫ്രാൻസ്, കാനഡ, ജർമ്മനി) നിന്നുള്ള ഇന്ത്യൻ യാത്രികർക്കും അതാത് രാജ്യങ്ങളിലെ നയതന്ത്രകാര്യാലയങ്ങളിൽ റെജിസ്റ്റർ ചെയ്യാതെ മടങ്ങാൻ അനുവദിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. കൂടുതൽ രാജ്യങ്ങളുമായി ഈ കരാറിലേർപ്പെടുന്നതിനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.