രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും കുവൈറ്റിലെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് സർക്കാർ വക്താവ് താരിഖ് അൽ മുസ്രിം വ്യക്തമാക്കി. ഇവ പാലിക്കാത്ത യാത്രികർക്ക് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കുവൈറ്റിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രികരും തങ്ങൾ രോഗബാധിതരല്ല എന്ന് തെളിയിക്കുന്നതിനുള്ള, അംഗീകൃത ലാബുകളിൽ നിന്നുള്ള COVID-19 PCR പരിശോധനാ ഫലങ്ങൾ ഹാജരാക്കേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമെ, രാജ്യത്തെ വിമാനത്താവളത്തിലെത്തുന്ന യാത്രികരിൽ നിന്ന് ക്രമരഹിതമായ തിരഞ്ഞെടുക്കുന്നവർക്ക് എയർപോർട്ടിൽ നിന്ന് തന്നെ വീണ്ടും പരിശോധന നടത്തുന്നതാണെന്നും അദ്ദേഹം അറിയിച്ചു. ഇതിനു വിരുദ്ധമായി സമൂഹ മാധ്യമങ്ങളിലും മറ്റും വരുന്ന വാർത്തകൾ സത്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശത്തു നിന്ന് മടങ്ങിയെത്തുന്ന മുഴുവൻ യാത്രികർക്കും 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 34 രാജ്യങ്ങളിൽ നിന്നുമുള്ള യാത്രികർക്കുള്ള വിലക്ക് തുടരുമെന്നും അദ്ദേഹം അറിയിച്ചു.