യു എ ഇയിൽ നിന്നുള്ള വിദേശയാത്രകൾക്ക് ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയുടെ (ICA) പെർമിറ്റ് നിർബന്ധമാക്കിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മന്റ് അതോറിറ്റി (NCEMA) വക്താവ് ഡോ. സൈഫ് അൽ ദഹരി വ്യക്തമാക്കി. ജൂലൈ 1, ബുധനാഴ്ച്ച നടന്ന പത്രസമ്മേളനത്തിലാണ് ഡോ. അൽ ദഹരി ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയത്.
ഏതാനം വിഭാഗങ്ങളിൽ പെടുന്ന യാത്രകൾക്കായിരിക്കും ഈ ഘട്ടത്തിൽ അനുമതി എന്ന് അറിയിച്ച ഡോ. അൽ ദഹരി, വിനോദസഞ്ചാരത്തിനോ, ഉല്ലാസയാത്രകൾക്കോ യു എ ഇയിൽ നിന്ന് വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് നിലവിൽ അനുവാദം നൽകില്ല എന്നും വ്യക്തമാക്കി. യു എ ഇ പൗരന്മാർക്കും, നിവാസികൾക്കും വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനു ഈ നിബന്ധനകൾ ബാധകമാണ്.
വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരോടും, 70 വയസിനു മുകളിൽ പ്രായമുള്ളവരോടും കഴിയുന്നതും യാത്രകൾ ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ യാത്രകൾ ചികിത്സാ ആവശ്യങ്ങൾക്ക് മാത്രമായി ചുരുക്കണം.
ചികിത്സാസംബന്ധമായ യാത്രകൾ, പഠന സംബന്ധമായ യാത്രകൾ, നയതന്ത്ര വിഭാഗത്തിലെ ജീവനക്കാരുടെ ഔദ്യോഗിക യാത്രകൾ, സർക്കാർ മേഖലയിലെ ഔദ്യോഗിക യാത്രകൾ , സ്വകാര്യ മേഖലയിലെ ഔദ്യോഗിക യാത്രകൾ, മാനുഷിക പരിഗണന ആവശ്യമുള്ള യാത്രകൾ, സ്വന്തം നാടുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന യു എ ഇ നിവാസികളുടെ യാത്രകൾ, യു എ ഇയ്ക്ക് പുറത്തുള്ള നിവാസികളുടെ മടക്ക യാത്രകൾ എന്നിവ മാത്രമാണ് ഈ ഘട്ടത്തിൽ അനുവദിച്ചിട്ടുള്ളത്.
ഈ വിഭാഗങ്ങളിൽ പെടുന്നവർക്ക് https://beta.smartservices.ica.gov.ae/echannels/web/client/default.html#/login എന്ന വിലാസത്തിലൂടെ പെർമിറ്റിന് അപേക്ഷിക്കാവുന്നതാണ്. ഓരോ അപേക്ഷയ്ക്കും 50 ദിർഹം ഫീസ് ഈടാക്കുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. യാത്രകൾക്ക് മുൻപ് ICA-യുടെ വെബ്സൈറ്റിലൂടെ പെർമിറ്റ് നേടുന്നവർക്ക് മാത്രമേ യാത്രചെയ്യാൻ കഴിയൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പെർമിറ്റിനായി അപേക്ഷിക്കുമ്പോൾ, ഐഡി കാർഡ്, പാസ്സ്പോർട്ട്, റെസിഡൻസി കാർഡ് എന്നിവയ്ക്ക് പുറമെ, ഓരോ വിഭാഗം യാത്രകൾക്കും ആവശ്യപ്പെടുന്ന പ്രത്യേക രേഖകളും യാത്രികർ നൽകേണ്ടതാണ്.
ചികിത്സാസംബന്ധമായ യാത്രകൾക്ക് രോഗവിവരങ്ങളുമായി ബന്ധപ്പെട്ട്, അംഗീകാരമുള്ള മെഡിക്കൽ കമ്മിറ്റി സാക്ഷ്യപ്പെടുത്തിയ രേഖകൾ, പഠന യാത്രകൾക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ NOC, ഔദ്യോഗികമായ യാത്രകൾക്ക് തൊഴിലുടമയിൽ നിന്നുള്ള സാക്ഷ്യപത്രം, വിദേശത്തു നിന്നുള്ള ഔദ്യോഗിക ക്ഷണക്കത്തുകൾ മുതലായ രേഖകൾ എന്നിവ ആവശ്യമാണ്. മാനുഷിക പരിഗണന ആവശ്യമുള്ള യാത്രകൾക്ക് മരണം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും, നാട്ടിലേക്ക് മടങ്ങേണ്ടവർക്ക് നാട്ടിലെ വിലാസം തെളിയിക്കുന്ന രേഖകളും പെർമിറ്റ് അപേക്ഷയോടൊപ്പം നൽകേണ്ടതാണ്.
യു എ യിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എൻട്രി പെർമിറ്റ് നിർബന്ധമാണ്. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുൻപ് ഈ പെർമിറ്റ് നേടിയിരിക്കണം. മടങ്ങുന്നതിനു അനുമതി ലഭിച്ചവർ ആരോഗ്യ സംബന്ധമായ സാക്ഷ്യപത്രവും, ക്വാറന്റീൻ നിർദ്ദേശങ്ങളുൾപ്പടെ അനുസരിച്ചുകൊള്ളാമെന്ന സത്യവാങ്ങ്മൂലവും തയ്യാറാക്കേണ്ടതാണ്. യു എ ഇയിൽ എത്തുന്നവർ നിർബന്ധമായും അൽഹൊസൻ ആപ്പ് ഉപയോഗിക്കുകയും, PCR ടെസ്റ്റിംഗിന് വിധേയരാകുകയും ചെയ്യേണ്ടതാണെന്നും അധികൃതർ ആവർത്തിച്ചു.