അബുദാബി: നൂറിലധികം കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ COVID-19 വാക്സിൻ ലഭ്യമാണെന്ന് DoH; മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല

UAE

എമിറേറ്റിലെ നൂറിലധികം വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു. ഇത്തരം കേന്ദ്രങ്ങളിൽ വാക്-ഇൻ സേവനം ലഭ്യമാണെന്നും, വാക്സിൻ ലഭിക്കുന്നതിനായി വ്യക്തികൾക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്താവുന്നതാണെന്നും DoH വ്യക്തമാക്കി.

മെയ് 28-ന് രാത്രിയാണ് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വാക്സിൻ ലഭിക്കുന്നതിനുള്ള കേന്ദ്രങ്ങൾ എമിറേറ്റിലുടനീളം പ്രവർത്തിക്കുന്നതായും DoH കൂട്ടിച്ചേർത്തു.

പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ള വാക്സിൻ കുത്തിവെപ്പെടുക്കാത്ത യു എ ഇ പൗരന്മാർ, പ്രവാസികൾ എന്നീ വിഭാഗക്കാർക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് സൗജന്യമായി ലഭ്യമാണെന്നും DoH വ്യക്തമാക്കി. അബുദാബിയിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ https://www.doh.gov.ae/en/covid-19/national-vaccination എന്ന വിലാസത്തിൽ നിന്ന് ലഭ്യമാണ്.