അൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിൽ നടപ്പിലാക്കുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു. ഇന്നലെ (ജൂൺ 17) രാത്രിയാണ് DOH ഇത് സംബന്ധിച്ച അറിയിപ്പുകൾ നൽകിയത്.
അബുദാബിയിലുടനീളം നടപ്പിലാക്കുന്ന തീവ്രമായ കൊറോണാ വൈറസ് പരിശോധനയുടെ ഭാഗമായാണ് ഈ നടപടികൾ. അൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികളുടെയും, നിവാസികളുടെയും ഇടയിൽ COVID-19 പരിശോധനകൾ വ്യാപകമാക്കുന്നതിലൂടെ ഈ മേഖലയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് DOH-ഉം മറ്റ് അനുബന്ധ വകുപ്പുകളും സംയുക്തമായി നടപ്പിലാക്കുന്ന ഈ പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്.
ആരോഗ്യ സുരക്ഷാ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കാലാവധിയിൽ, അണുവിമുക്തമാക്കുന്ന മേഖലകളിൽ ചില നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും, വാണിജ്യ പ്രവർത്തനങ്ങൾ തടസപ്പെടില്ല എന്ന് DOH അറിയിച്ചിട്ടുണ്ട്. വിസ ചട്ട ലംഘനങ്ങൾ ഉള്ളവർക്കും ഈ ആരോഗ്യ പരിശോധനയിൽ പങ്കെടുക്കാമെന്നും, ഇവർക്കെതിരെ യാതൊരു തരത്തിലുള്ള നിയമ നടപടികളും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻതൂക്കം നൽകുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.