മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ നിന്നുള്ള ഏതാനം ദൃശ്യങ്ങൾ ദുബായ് മീഡിയ ഓഫീസ് പങ്ക് വെച്ചു. ഒരു ദശലക്ഷത്തിലധികം പുസ്തകങ്ങളുള്ള ഈ ലൈബ്രറി ദുബായിലെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ്.
ഏതാണ്ട് ഒരു ബില്യൺ ദിർഹം ചെലവഴിച്ച് നിർമ്മിച്ച ഈ ലൈബ്രറി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2022 ജൂൺ 13-ന് ഉദ്ഘാടനം ചെയ്തിരുന്നു.

ഏഴ് നിലകളിലായി നിർമ്മിച്ചിരിക്കുന്ന മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി കെട്ടിടത്തിന് ഒരു ദശലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയുണ്ട്.

ആറ് വർഷമെടുത്താണ് ഈ ഗ്രന്ഥശാലയുടെ നിർമ്മാണം പൂർത്തിയാക്കിയത്. മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയുടെ ശേഖരത്തിൽ ഒരു ദശലക്ഷത്തിലധികം പുസ്തകങ്ങൾ, ആറ് ദശലക്ഷത്തിലധികം ഗവേഷണ പ്രബന്ധങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ ഗ്രന്ഥശാലയുടെ കീഴിൽ ഒമ്പത് പ്രത്യേക ഉപ ലൈബ്രറികൾ ഒരുക്കിയിട്ടുണ്ട്.

ദൈനംദിന പ്രവർത്തനങ്ങൾക്കായി കൃത്രിമബുദ്ധിയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന പശ്ചിമേഷ്യന്‍ മേഖലയിലെ ആദ്യ ഗ്രന്ഥശാലയാണ് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി.

മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയുടെ മുഴുവൻ പ്രവർത്തന മേഖലകളിലും – പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതും, കണ്ടെത്തുന്നതും, വായിക്കുന്നതിനായി പുസ്തകം നൽകുന്നതും, പുസ്തകം തിരികെ മേടിക്കുന്നതും ഉൾപ്പടെ – ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുന്നു.

ഈ ഗ്രന്ഥശാലയിൽ മൾട്ടീമീഡിയ ശേഖരങ്ങൾക്കൊപ്പം പുരാതനമായ കയ്യെഴുത്ത്പ്രതികൾ, മറ്റു വിലപിടിച്ച വസ്തുക്കൾ എന്നിവയും സൂക്ഷിച്ചിരിക്കുന്നു.