അബുദാബിയിൽ യാത്രകൾക്ക് കർശനമായ നിയന്ത്രണങ്ങൾ; 12 ഇടങ്ങളിൽ ചെക്ക്പോയന്റുകൾ ഏർപ്പെടുത്തും

GCC News

ജൂൺ 2 മുതൽ ഒരാഴ്ച്ചത്തേക്ക് നാഷണൽ സ്‌ക്രീനിങ്ങ് പ്രോഗ്രാമിന്റെ ഭാഗമായി ഏർപ്പെടുത്തുന്ന യാത്ര നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായുള്ള നടപടികൾ അബുദാബി പോലീസ് ആരംഭിച്ചു. ഈ കാലയളവിൽ എമിറേറ്റിന്റെ വിവിധ മേഖലകളിലേക്കും, എമിറേറ്റിന് പുറത്തേക്കുമുള്ള യാത്രകൾക്ക് വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. അടിയന്തിര ആവശ്യങ്ങൾക്കായി ഇത്തരം മേഖലകളിലേക്ക് യാത്രകൾ ചെയ്യുന്നവർക്ക് ചൊവ്വാഴ്ച്ച മുതൽ മൂവ്മെന്റ് പെർമിറ്റ് നിർബന്ധമാക്കിട്ടുണ്ട്.

യാത്രാ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനായി അബുദാബിയിലെ വിവിധ ഇടങ്ങളിലായി 12 ചെക്ക്പോയന്റുകൾ ഏർപ്പെടുത്തുമെന്ന് അബുദാബി പോലീസ് ട്രാഫിക് പെട്രോളിംഗ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ സാലെം അബ്ദുള്ള ബിൻ ബരാക് അൽ ദാഹിരി അറിയിച്ചു.

എമിറേറ്റിലെ പ്രധാന പാതകൾ നിയന്ത്രിക്കുന്ന ഈ ചെക്ക്പോയന്റുകൾ ചൊവ്വാഴ്ച്ച മുതൽ പ്രവർത്തനമാരംഭിക്കുമെന്നും, അധികൃതരുടെ നിർദ്ദേശങ്ങൾ പൊതുസമൂഹം കർശനമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രാ നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കാനും, എമിറേറ്റിലെ വിവിധ നഗരങ്ങൾ തമ്മിലുള്ള യാത്രകൾ നാഷണൽ സ്‌ക്രീനിങ്ങ് പ്രോഗ്രാം അവസാനിക്കുന്നത് വരെ കഴിയുന്നതും ഒഴിവാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ജൂൺ 2 മുതൽ ഒരാഴ്ച്ചത്തേക്ക് അബുദാബിയിൽ നിന്ന് മറ്റു എമിറേറ്റുകളിലേക്കും, തിരികെ അബുദാബിയിലേക്കും യാത്രകൾ അനുവദിക്കില്ല. ഇത് കൂടാതെ അബുദാബി, അൽ ഐൻ, അൽ ദഫ്‌റ മുതലായ എമിറേറ്റിന്റെ വിവിധ മേഖലകൾ തമ്മിലുള്ള യാത്രകളും വിലക്കിയിട്ടുണ്ട്. അടിയന്തിര ആവശ്യങ്ങൾക്കായി ഇത്തരം മേഖലകളിലേക്ക് യാത്രകൾ ചെയ്യുന്നവർക്ക് ചൊവ്വാഴ്ച്ച മുതൽ മൂവ്മെന്റ് പെർമിറ്റ് നിർബന്ധമാക്കിയതായി അബുദാബി പോലീസ് അറിയിച്ചിട്ടുണ്ട്. ഇതിനുള്ള സംവിധാനങ്ങൾ അബുദാബി പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഏർപെടുത്തിയിട്ടുണ്ട്.