മദ്യത്തിനും, മയക്കുമരുന്നിനും, അക്രമത്തിനും അടിമയായവർക്കും ജീവന് വിലയുണ്ട്… എന്നാൽ ശരീരം നോവുമ്പോൾ, പനിച്ചുതുള്ളുമ്പോൾ, ശരീരത്തെ തൊലിനീങ്ങി രക്തം വാർന്നൊഴുകുമ്പോൾ ഏതൊരു കഠിനഹൃദയനും, “സിസ്റ്ററെ, ഡോക്ടറെ… വേദന സഹിക്കാനാവുന്നില്ല” എന്ന് വാവിട്ട് കരയുമ്പോൾ, “ഇല്ല, ഇല്ല ദേ കഴിഞ്ഞു കഴിഞ്ഞു…” എന്ന് ആത്മസംയമനത്തോടെ പറയുന്ന ആരോഗ്യ സംരക്ഷകർക്ക് ഇന്ന് നേരിടേണ്ടിവരുന്ന ആക്രമണങ്ങൾ കാണുമ്പോൾ, ജീവിക്കാനുള്ള അവകാശം തുല്യമല്ലേ! എന്ന് തോന്നിപ്പോകുന്നു.. ആരോഗ്യ രംഗത്തുള്ളവർക്കും പോലീസുകാർക്കും ഭയത്തോടെ അവരുടെ തൊഴിലിടങ്ങളിൽ കഴിയേണ്ടിവരുന്നത് അത്യന്തം ഖേദകരമാണ്…
പ്രത്യേകിച്ച് മുൻപരിചയമോ, വിദ്വേഷമോ ഇല്ലാതെ തന്നെ, തന്റെ ജീവൻ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഡോക്ടറുടെ ജീവൻ കവർന്നെടുക്കാൻ മടിയ്ക്കാത്ത ഒരു വ്യക്തിയെ – അത് ആ വ്യക്തിയെ അടിമപ്പെടുത്തിയിട്ടുള്ള ഏത് ലഹരിയുടെ പുറത്താണെങ്കിലും – ആ ഡോക്ടർ ഭയപ്പെടുന്നതിനോടൊപ്പം, കേരളത്തിലെ ഓരോ സാധാരണക്കാരും ഭയക്കേണ്ടിയിരിക്കുന്നു… കാരണം, മനുഷ്യത്വം, വിവേകം, കരുണ, വിശിഷ്യ സാമാന്യബോധം എന്നിവയുടെ കണികപോലും ഇല്ലാത്ത അത്തരം ഒരു വ്യക്തിയുടെ മുൻപിൽ ഈ സമൂഹത്തിലെ നമ്മളിലാര് ചെന്ന് പെട്ടാലും ഇതായിരിക്കും അവസ്ഥ; അത് മന്ത്രിയായാലും, പൊലീസായാലും, വളരെയധികം അനുഭവജ്ഞാനമുള്ളവനായാലും, ചെറിയവനായാലും എല്ലാം അയിത്തമില്ലാതെ ഇതുപോലുള്ള ദാരുണമായ അപകടം നടന്നേക്കാം; കാരണം ഈ അക്രമം പ്രവർത്തിക്കുന്ന വ്യക്തിയ്ക്ക് ബോധമില്ല, അവനെല്ലാം സമമാണ്… ആ അവസ്ഥയിലുള്ള ഒരു അക്രമി ഏതൊരാൾക്കും ഭയമുളവാക്കുന്ന ഒരു വ്യക്തിയാണ്…
ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം കൊടുക്കേണ്ടത് ശരിയായ പ്രവർത്തനങ്ങൾ വേരിൽ നിന്നേ ഉറപ്പിച്ചുകൊണ്ടാകണം എന്നൊരു അപേക്ഷയുണ്ട്… ചിലത് ഒട്ടും നടക്കാൻ പാടില്ലാത്ത അബദ്ധങ്ങളാണെന്നും, അത്തരം സംഭവങ്ങളെയും ഒറ്റപ്പെട്ട സംഭവങ്ങളായി സാമാന്യവത്കരിക്കാം എന്ന് കരുതിയാൽ പഴുതടച്ച സംരക്ഷണം ഉറപ്പാക്കാൻ കഴിയില്ല…
കാരണം മയക്കുമരുന്നിന്റെ പിടിയിൽ കഴിയുന്ന ബോധമില്ലാത്ത ഒരു സമൂഹത്തിനിടയിൽ ഭയപ്പാടോടെ ജീവിക്കുക എന്നത് നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനെ സംബന്ധിച്ചിടത്തോളം അത്യന്തം ദുഷ്കരമായ ഒരു അവസ്ഥയാണ്. അവിടെയും സധൈര്യം മുന്നോട്ട് പോകണമെന്ന പാഴ്വാക്കാണ് സാധാരണക്കാരന്റെ സംരക്ഷണം ഉറപ്പ് വരുത്തേണ്ട ഭരണകൂടം പറയുന്നതെങ്കിൽ, ‘ഉടയോൻ പടച്ചുപോയില്ലേ, ഇനി കഴിയുംപോലെ ജീവിക്കാൻ ശ്രമിക്കാം’ എന്ന് സാധാരണക്കാർ പറയേണ്ടിവന്നേക്കാം… അത്യന്തം കുഴപ്പം നിറഞ്ഞതും, അരാജകത്വം നിറഞ്ഞതുമായ ഒരു സാമൂഹികാവസ്ഥയിലേക്കുള്ള വാതിൽ തുറക്കാനുളള ഒരു താക്കോൽ ആണത്… ഈ അവസ്ഥ ഒരു ജാനാധിപത്യ സംവിധാനത്തിനു ചേർന്നതാണോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു…
അസമയത്ത് ആശുപത്രികളിൽ എത്തിക്കുന്ന രോഗികൾക്ക് ആദ്യം ഒരു ബ്ലഡ് സാമ്പിൾ ടെസ്റ്റിംഗ് അനിവാര്യമാണെന്ന നിർദ്ദേശമുണ്ടെങ്കിൽ, വന്നിരിക്കുന്ന രോഗി ഏതെങ്കിലും തരത്തിൽ മയക്ക് മരുന്നോ, മദ്യമോ കഴിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ കഴിഞ്ഞേക്കാം.
” ‘ഇനി അഥവാ അത്തരത്തിൽ ഉള്ളവരെങ്കിൽ കുങ്ഫു, കരാട്ടെ , കളരി പോലുള്ള അഭ്യാസമുറകളിൽ പ്രാവീണ്യം നേടിയ, അനുഭവജ്ഞാനമുള്ള ആരോഗ്യപ്രവർത്തകർ അവരെ ചികിത്സിക്കാൻ തയ്യാറാവണം…’, ‘ഭയപ്പെടരുത്… ആത്മനിയന്ത്രണം വേണം…”, ഇത്തരം കൂടുതൽ അറിവുകൾ നമുക്ക് മുകളിലിരിക്കുന്ന നേതാക്കൾ പറഞ്ഞു കൊണ്ടേയിരിക്കും, കാരണം നഷ്ടപ്പെടുന്നത് എന്നും സാധാരണക്കാരന് മാത്രമാണ്; നിയമത്തെ ബഹുമാനിച്ച്, നിയമം പറയുന്ന പോലെ ജീവിക്കുന്ന സാധാരണക്കാരന്.
എന്തായാലും ആരോഗ്യ സേവന രംഗത്ത് സഞ്ചരിക്കാൻ തുടങ്ങി അകാലത്തിൽ പൊലിഞ്ഞുപോയ വിലയേറിയ ആ ജീവിതത്തിനു മുന്നിൽ പ്രണാമം…