സൗദി: ഉത്പന്നങ്ങളിലെ വിലവിവരമടങ്ങിയ ലേബലുകളിൽ VAT ഉൾപ്പെടുത്തിയ വില പ്രദർശിപ്പിക്കണമെന്ന് വാണിജ്യ മന്ത്രാലയം

GCC News

വിൽപനക്കായി വെക്കുന്ന ഉത്പന്നങ്ങളിൽ മൂല്യവർദ്ധിത നികുതി (Value Added Tax – VAT) കൂടി ഉൾപ്പെടുത്തിയ വിലവിവരങ്ങളായിരിക്കണം പ്രദർശിപ്പിക്കേണ്ടതെന്ന് സൗദി അറേബ്യയിലെ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ഉത്പന്നങ്ങളിലെ ലേബലുകളിലെ വില, നികുതി ഉൾപ്പടെയുള്ള അന്തിമമായ വില്പന വിലയായിരിക്കണമെന്നും, ഈ വിലയും സ്ഥാപനങ്ങളിലെ ബില്ലിങ്ങിനായി ഉപയോഗിക്കുന്ന കമ്പ്യൂട്ടർ സംവിധാനങ്ങളിലെ വിലയും ഒന്നായിരിക്കണമെന്നും മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് നൽകുന്ന VAT അടങ്ങിയ ബില്ലുകളിലെ വിലയും, ഉത്പന്നങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള വിലയും ഒന്നായിരിക്കണം. “സ്ഥാപനങ്ങൾ ഉപഭോക്താവിൽ നിന്ന് ഈടാക്കുന്ന വില, ഉത്പന്നങ്ങളിലോ, അവയുടെ ഷെൽഫുകളിലോ പ്രദർശിപ്പിച്ചിട്ടുള്ള വിലയിൽ നിന്ന് വ്യത്യസ്‌തമാണെങ്കിൽ ഇക്കാര്യത്തെക്കുറിച്ച് സ്ഥാപനത്തിനെതിരെ ഉപഭോക്താവിന് പരാതികൾ നൽകാവുന്നതാണ്.”, മന്ത്രാലയം വ്യക്തമാക്കി.

പ്രദർശിപ്പിച്ചിട്ടുള്ള വിലയുടെ മുകളിൽ വീണ്ടും VAT ഈടാക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് ഉപഭോക്താക്കൾ 19993 എന്ന നമ്പറിലൂടെ ജനറൽ അതോറിറ്റി ഫോർ സകാത് ആൻഡ് ഇൻകംടാക്സിൽ (GAZT) വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. VAT ഉൾപ്പെടുത്തിയ വിലകൾ പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങളുടെ വിവരങ്ങൾ 1900 എന്ന നമ്പറിലൂടെ അറിയിക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.