ദുബായ്: അടുത്ത അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകളിൽ ട്യൂഷൻ ഫീസിൽ 3 ശതമാനം വർധന അനുവദിച്ചതായി KHDA

GCC News

ദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ 2023-24 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസിൽ 3 ശതമാനം വർധനവിന് അനുമതി നൽകിയതായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു. 2023 മാർച്ച് 10-നാണ് KHDA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

എമിറേറ്റിലെ നിലവിലെ സാമ്പത്തിക സ്ഥിതിഗതികൾ, വിദ്യാഭ്യാസത്തിന്റെ നിലവാരം കാത്ത്സൂക്ഷിച്ച് കൊണ്ട് ഒരു സ്വകാര്യ വിദ്യാലയം നടത്തുന്നതിനുള്ള ചെലവുകൾ എന്നിവ കണക്കിലെടുത്താണ് ഈ തീരുമാനം. ഇവ അടിസ്ഥാനമാക്കി ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തങ്ങളുടെ ട്യൂഷൻ ഫീസിൽ 3 ശതമാനം വർധനവിന് അർഹതയുണ്ടെന്ന് KHDA ചൂണ്ടിക്കാട്ടി.

ഓരോ സ്‌കൂളുകളിലും ദുബായ് സ്‌കൂൾസ് ഇൻസ്‌പെക്ഷൻ ബ്യുറോ നടത്തുന്ന ഔദ്യോഗിക പരിശോധനകളുടെ ഫലങ്ങൾ അടിസ്ഥാനമാക്കിയാണ് ഓരോ വർഷവും ഫീസ് പുതുക്കി നിർണയിക്കുന്നതിനുള്ള അനുമതി ലഭിക്കാറുള്ളത്. ഈ പരിശോധനകളിൽ മുൻവർഷങ്ങളെ പരിശോധനാ റേറ്റിംഗ് നിലനിർത്തുന്ന സ്‌കൂളുകൾക്കാണ് ട്യൂഷൻ ഫീസിൽ 3 ശതമാനം വർധനവിന് അർഹത ലഭിക്കുന്നത്. വാർഷിക റേറ്റിംഗിൽ താഴേയ്ക്ക് പോകുന്ന വിദ്യാലയങ്ങൾക്ക് ട്യൂഷൻ ഫീസ് ഉയർത്താൻ അനുമതിയുണ്ടായിരിക്കില്ല.