കുവൈറ്റ്: ആശ്രിത വിസ നിബന്ധനകളിലെ ഇളവുകൾ

Kuwait

രാജ്യത്ത് ആശ്രിത വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിന് തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ നിബന്ധനകളിൽ അനുവദിച്ചിട്ടുള്ള ഏതാനം ഇളവുകൾ സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കുവൈറ്റിൽ ആശ്രിത വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ 2024 ജനുവരി 28, ഞായറാഴ്ച മുതൽ മാറ്റങ്ങൾ വരുത്തുമെന്നാണ് മന്ത്രാലയം 2024 ജനുവരി 25-നു അറിയിച്ചത്. മന്ത്രിസഭ കൈക്കൊണ്ടിട്ടുള്ള ’56 /2024′ എന്ന ഔദ്യോഗിക ഉത്തരവ് അനുസരിച്ചാണിത് നടപ്പിലാക്കുന്നത്.

ഇത് പ്രകാരം ഇത്തരം വിസകൾ അനുവദിക്കുന്നതിന് താഴെ പറയുന്ന നിബന്ധനകൾ ബാധകമാക്കിയിട്ടുണ്ട്:

  • ഇത്തരം വിസയ്ക്ക് അപേക്ഷിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള ചുരുങ്ങിയ വേതനം 800 ദിനാറാക്കി ഉയർത്തുന്നതാണ്.
  • അപേക്ഷകർക്ക് യൂണിവേഴ്സിറ്റി ബിരുദം നിർബന്ധമാണ്.
  • ഇവരുടെ തൊഴിൽ മേഖല വിദ്യാഭ്യാസ വിഷയത്തിന് അനുസരിച്ചുള്ളതായിരിക്കണം.

അപേക്ഷകർക്ക് യൂണിവേഴ്സിറ്റി ബിരുദം നിർബന്ധമാക്കിയിട്ടുള്ള തീരുമാനത്തിൽ ഇളവുകൾ അനുവദിച്ചിട്ടുള്ള തൊഴിൽ പദവികൾ സംബന്ധിച്ച് പ്രാദേശിക മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് അനുസരിച്ച് താഴെ പറയുന്ന തൊഴിലുകളിൽ ഈ യൂണിവേഴ്സിറ്റി ബിരുദം നിർബന്ധമാണെന്ന നിബന്ധനയിൽ ഇളവ് നൽകിയിട്ടുണ്ട്:

  • സർക്കാർ മേഖലയിലെ അഡ്വൈസർമാർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, എക്സ്പേർട്ടുകൾ, ലീഗൽ റിസർച്ചർമാർ.
  • ഡോക്ടർ, ഫാർമസിസ്റ്റ് തുടങ്ങിയ ആരോഗ്യ പരിചരണ വിദഗ്ദർ.
  • യൂണിവേഴ്സിറ്റി, കോളേജ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പ്രൊഫസർമാർ.
  • സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ, വൈസ് പ്രിൻസിപ്പൽ, എഡ്യൂക്കേഷൻ മെന്റർ, ടീച്ചർ, സോഷ്യൽ വർക്കർ, ലാബ് അറ്റന്റന്റ്.
  • യൂണിവേഴ്സിറ്റികളിലെ സാമ്പത്തിക വിഷയങ്ങളിൽ അഡ്വൈസർ പദവികളിൽ ജോലി ചെയ്യുന്നവർ.
  • എൻജിനീയർമാർ.
  • പള്ളികളിലെ ഇമാം, മറ്റു ജീവനക്കാർ.
  • സർക്കാർ മേഖലയിലെയും, സ്വകാര്യ യൂണിവേഴ്സിറ്റികളിലെയും ലൈബ്രേറിയൻ.
  • ആരോഗ്യ മന്ത്രാലയത്തിൽ നഴ്സിങ് സ്റ്റാഫ്, പാരാമെഡിക് പദവികളിലുള്ളവർ.
  • സർക്കാർ മേഖലയിലെ സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്.
  • ജേർണലിസം, മീഡിയ മുതലായവയിൽ തൊഴിലെടുക്കുന്നവർ.
  • സ്പോർട്സ് ക്ലബുകൾ, ഫെഡറേഷനുകൾ എന്നിവയിലെ കോച്ചുകൾ, അത്ലീറ്റുകൾ.
  • പൈലറ്റ്, ഫ്ലൈറ്റ് അറ്റന്ഡന്റ്സ്.
  • മരിച്ചവരെ മറവ് ചെയ്യുന്ന പ്രവർത്തികളും, മറവുചെയ്യുന്നതിനായി മൃതദേഹം തയ്യാറാക്കുന്ന പ്രവർത്തികളും ചെയ്യുന്നവർ.

കുവൈറ്റിൽ സാധുതയുള്ള റെസിഡൻസി വിസകളിലുള്ള മാതാപിതാക്കളുടെ കുവൈറ്റിൽ ജനിച്ചിട്ടുള്ള കുട്ടികൾ, അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾ എന്നീ വിഭാഗങ്ങൾക്ക് ആശ്രിത വിസകൾക്ക് അപേക്ഷിക്കുന്നതിന് ഈ പുതിയ നിബന്ധനകൾ ബാധകമല്ല.