ബീച്ചുകളിലും മറ്റ് പൊതു ഇടങ്ങളിലും സമൂഹ അകലം പാലിക്കാതെ ഒത്തുചേരുന്നത് നിയമലംഘനമാണെന്ന് റോയൽ ഒമാൻ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ആഘോഷങ്ങളുടെ ഭാഗമായും മറ്റും ജനങ്ങൾ കൂട്ടം കൂടുന്നത് വിലക്കിയ തീരുമാനം പിൻവലിച്ചിട്ടില്ലെന്ന് അറിയിച്ച അധികൃതർ, നിയമ ലംഘകർക്ക് പിഴ ഉൾപ്പടെയുള്ള ശിക്ഷകൾ ലഭിക്കുമെന്നും അറിയിച്ചു.
ഒമാനിൽ വാണിജ്യ മേഖലയിൽ ഇളവുകൾ അനുവദിക്കുകയും, മസ്കറ്റ് ഉൾപ്പടെയുള്ള ഇടങ്ങളിലെ സുരക്ഷാ നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവരികയും ചെയ്തത് ആളുകൾ ഒത്തുചേരുന്നതിൽ ഉള്ള നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഒരേ കുടുംബത്തിലെയോ, ഒരേ ഇടത്ത് താമസിക്കുന്നവരോ അല്ലാത്ത, അഞ്ചോ അതിൽ കൂടുതലോ ആളുകൾ ഒത്തുചേരുന്നത് ഒമാനിൽ നിയമലംഘനമാണ്. ഇത്തരം ഒത്തുചേരലുകൾക്ക് 1500 റിയാൽ പിഴ ചുമത്തുന്നതാണ്.
തൊഴിൽ സംബന്ധമായി ഇത്തരത്തിൽ ഒരേ ഇടത്തിൽ ഇടപഴകുന്നവർ സമൂഹ അകലം, മാസ്കുകൾ എന്നീ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്.