തായിഫ് ഗവർണറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസ് സർവീസ് ആരംഭിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2023 സെപ്റ്റംബർ 5-ന് തായിഫ് ഗവർണർ പ്രിൻസ് സൗദ് ബിൻ നഹറാണ് ഈ ബസ് സർവീസ് ഉദ്ഘാടനം ചെയ്തത്. ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആക്ടിങ്ങ് പ്രസിഡന്റ് ഡോ. റുമൈഹ് അൽ റുമൈഹ്, തായിഫ് മേയർ നാസീർ അൽ റീഹൈലി, പബ്ലിക് ട്രാൻസ്‌പോർട്ട് സി ഇ ഓ തുർക്കി അൽ സുബൈഹി മുതലായവർ ഈ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
സൗദി അറേബ്യയിലെ പബ്ലിക് ബസ് ട്രാൻസ്‌പോർട് പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായാണ് തായിഫിൽ ബസ് സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. തായിഫ് ഗവർണറേറ്റിലെ പ്രധാന കേന്ദ്രങ്ങളെ ഒമ്പത് ട്രാക്കുകളിലൂടെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ സർവീസ് നടത്തുന്നത്.
ഈ സർവീസിന്റെ ഭാഗമായി 182 ബസ് സ്റ്റോപ്പുകൾ, 58 ബസുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. പ്രതിദിനം 18 മണിക്കൂർ പ്രവർത്തിക്കുന്ന രീതിയിലാണ് ഈ സർവീസുകൾ. പൊതുജനങ്ങൾക്ക് ടിക്കറ്റ് എടുക്കുന്നതിനായി ‘TAIF BUSES’ എന്ന ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.
Cover Image: Saudi Press Agency.