അബു സമ്ര അതിർത്തി കവാടം ഉപയോഗിച്ച് കൊണ്ട് സൗദിയിൽ നിന്ന് ഖത്തറിലേക്കും, തിരികെ സൗദിയിലേക്കും യാത്രചെയ്യുന്നവർ പാലിക്കേണ്ടതായ യാത്രാ മാനദണ്ഡങ്ങൾ ഖത്തർ പുറത്തിറക്കി. ജനുവരി 9, ശനിയാഴ്ച്ച രാവിലെയാണ് ഖത്തർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് ഇത് സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള കര, കടൽ, വ്യോമ അതിർത്തികൾ തുറന്നു കൊടുക്കാൻ ജനുവരി 4-ന് തീരുമാനിച്ചിരുന്നു. ഇതിനെത്തുടർന്ന് അബു സമ്ര അതിർത്തിയിലൂടെ ഇരുരാജ്യങ്ങൾക്കിടയിലും സഞ്ചരിക്കുന്നവർക്കുള്ള പ്രത്യേക നിർദ്ദേശങ്ങളാണ് ഇപ്പോൾ ഖത്തർ പുറത്തിറക്കിയിരിക്കുന്നത്. ഈ നിബന്ധനകൾ ജനുവരി 9, ശനിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
അബു സമ്ര അതിർത്തിയിലൂടെ സൗദിയിൽ നിന്ന് ഖത്തറിലേക്കും തിരികെയുമുള്ള യാത്രകൾക്ക് ബാധകമാകുന്ന നിബന്ധനകൾ:
- അബു സമ്ര അതിർത്തിയിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടയിൽ നേടിയ COVID-19 ടെസ്റ്റിന്റെ റിസൾട്ട് ഹാജരാക്കേണ്ടതാണ്.
- ഈ അതിർത്തിയിലൂടെ ഖത്തറിലെത്തുന്ന മുഴുവൻ യാത്രികർക്കും ഒരാഴ്ച്ചത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്. യാത്ര പുറപ്പെടുന്നതിന് മുൻപായി ‘ഡിസ്‌കവർ ഖത്തർ’ വെബ്സൈറ്റിലൂടെ ക്വാറന്റീൻ ഹോട്ടൽ സൗകര്യം ബുക്ക് ചെയ്യേണ്ടതാണ്.
- ഈ അതിർത്തിയിലൂടെ ഖത്തറിൽ നിന്ന് പുറത്തേക്ക് യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർ, യാത്ര പുറപ്പെടുന്നതിന് മുൻപായി, തിരികെ ഖത്തറിലേക്ക് മടങ്ങിയെത്തുന്ന തീയ്യതി കണക്കാക്കി ‘ഡിസ്‌കവർ ഖത്തർ’ വെബ്സൈറ്റിലൂടെ ക്വാറന്റീൻ ഹോട്ടൽ സൗകര്യം ഉറപ്പാക്കേണ്ടതാണ്.
- ഈ അതിർത്തിയിലൂടെ ഖത്തറിലെത്തുന്ന മുഴുവൻ യാത്രികരും ഹോട്ടൽ ക്വാറന്റീൻ നിർദ്ദേശങ്ങളും, ഖത്തറിലെ COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും പാലിച്ച് കൊള്ളാമെന്ന സത്യവാങ്ങ്മൂലം നൽകേണ്ടതാണ്. ഇവർ തങ്ങളുടെ സ്മാർട്ട് ഫോണിൽ ഖത്തറിലെ COVID-19 ട്രാക്കിംഗ് ആപ്പ് ആയ ‘Ehteraz’ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
ഖത്തറിലെയും, ആഗോളതലത്തിലെയും COVID-19 സാഹചര്യങ്ങൾക്കനുസരിച്ച് ഈ നിർദ്ദേശങ്ങളിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.