ഖത്തർ ദേശീയദിനാഘോഷം: നാഷണൽ ഡേ പരേഡ് ഡിസംബർ 18-ന് രാവിലെ; കോർണിഷിൽ വൈകീട്ട് കരിമരുന്ന് പ്രദർശനം

GCC News

ഖത്തർ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാഷണൽ ഡേ പരേഡ് 2021 ഡിസംബർ 18, ശനിയാഴ്ച്ച രാവിലെ കോർണിഷിൽ വെച്ച് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ഡിസംബർ 18-ന് രാവിലെ 9 മണിക്കാണ് ഖത്തർ നാഷണൽ ഡേ പരേഡ് സംഘടിപ്പിക്കുന്നത്.

ദേശീയദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട സെക്യൂരിറ്റി കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പരേഡിലേക്ക് കഴിഞ്ഞ വർഷത്തെ പോലെ തന്നെ പ്രത്യേക ക്ഷണിതാക്കൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.

ഡിസംബർ 16-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. ഖത്തർ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 18-ന് നടത്തുന്ന ആഘോഷപരിപാടികൾ, പരേഡ് എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, സുരക്ഷാ നടപടികൾ എന്നിവയും ഈ പത്രസമ്മേളനത്തിൽ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

പരേഡിലേക്കുള്ള പ്രവേശനം ബാർകോഡ് ഉൾപ്പടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ക്ഷണക്കത്തുകൾ ലഭിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ബ്രിഗേഡിയർ ഡോ. അലി ഖാജിം അൽ അത്ബി അറിയിച്ചു. ഏതാണ്ട് പതിനായിരത്തോളം പൊതുജനങ്ങളെ മാത്രമാണ് ഈ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഇവർക്ക് ഡിസംബർ 18-ന് രാവിലെ 7.30 വരെ കോർണിഷിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 18-ന് വൈകീട്ട് ദോഹ കോർണിഷിൽ പ്രത്യേക വെടിക്കെട്ട് സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അറബ് കപ്പ് ഫൈനൽ മത്സരം അവസാനിക്കുന്നതിനൊപ്പമാണ് ഈ കരിമരുന്ന് പ്രദർശനം അരങ്ങേറുന്നത്.