രാജ്യത്ത് ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന ബൈക്കുകൾക്ക് 2022 നവംബർ 15 മുതൽ പുതിയ സുരക്ഷാ നിബന്ധനകൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 നവംബർ 7-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഓഫ് ട്രാഫിക് ബ്രിഗേഡിയർ നസീർ ദോർമാൻ അൽ മുഫ്ഖായ് ട്രാഫിക് അവെർനസ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. മുഹമ്മദ് റാദി അൽ ഹജ്‌രി, ട്രാഫിക് സുരക്ഷാ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അബ്ദുൽ റഹിം മാറാഫിഹ് എന്നിവർ ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഇതുമായി ബന്ധപ്പെട്ട് തഴെ പറയുന്ന നിയന്ത്രണങ്ങളാണ് നവംബർ 15 മുതൽ ഏർപ്പെടുത്തുന്നത്:
ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന ബൈക്കുകളിൽ ഏർപ്പെടുത്തുന്ന സുരക്ഷാ നിബന്ധനകൾ:
- പെർമിറ്റ് നമ്പർ ബൈക്കുകളിൽ പ്രദർശിപ്പിച്ചിരിക്കണം.
- ബൈക്ക് തൊഴിലുടമയുടെ പേരിൽ രജിസ്റ്റർ ചെയ്തതായിരിക്കണം.
- വാഹനത്തിന്റെ ബാലൻസ് ഉറപ്പാക്കുന്നതിനായി ബൈക്കിൽ സൈഡ് ജാക്ക് പിടിപ്പിച്ചിരിക്കണം.
ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന ബൈക്കുകളിൽ ഉപയോഗിക്കുന്ന ഓർഡർ ബോക്സിൽ ഏർപ്പെടുത്തുന്ന സുരക്ഷാ നിബന്ധനകൾ:
- ഇവ വാഹനത്തിൽ സുരക്ഷിതമായി ഘടിപ്പിച്ചരിക്കണം. കുലുക്കം, ഇളക്കം എന്നിവ പ്രതിരോധിക്കാവുന്ന രീതിയിലായിരിക്കണം ഇവ ഘടിപ്പിക്കേണ്ടത്.
- ഇവയുടെ പരമാവധി അനുവദിച്ചിട്ടുളള നീളം 120 സെന്റിമീറ്ററും, വീതി 60 സെന്റിമീറ്ററുമാണ്.
- ബൈക്കിൻെറയും, ബോക്‌സിന്റെയും ഒന്നിച്ചുള്ള നീളം 3 മീറ്ററിലധികമാകാൻ പാടില്ല.
- ഇത്തരം ബോക്സുകളുടെ അരികുകളിൽ ഫോസ്‌ഫറസ് റിഫ്ളക്ടറുകൾ പിടിപ്പിച്ചിരിക്കണം.
ഡെലിവറി സേവനങ്ങൾക്കായുള്ള ബൈക്കുകൾ ഉപയോഗിക്കുന്നവർ പാലിക്കേണ്ട സുരക്ഷാ നിബന്ധനകൾ:
- ഇവർക്ക് മോട്ടോർ ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസൻസ് നിർബന്ധമാണ്.
- ഇവർ എല്ലാ സുരക്ഷാ നിയമങ്ങളും പാലിക്കേണ്ടതാണ്.
- ഇത്തരം വാഹനങ്ങളിൽ ഓടിക്കുന്ന ആൾക്ക് പുറമെ മാറ്റ് യാത്രികർക്ക് സഞ്ചരിക്കാൻ അനുമതിയില്ല.