ഖത്തർ: നവംബർ 26 മുതൽ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

Qatar

2021 നവംബർ 26 മുതൽ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്ക്സ് അതോറിറ്റി അറിയിച്ചു. നവംബർ 26 മുതൽ ഡിസംബർ 4 വരെ കോർണിഷ് സ്ട്രീറ്റിൽ ഇരുവശത്തേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഖത്തറിൽ വെച്ച് നടക്കുന്ന 2021 ഫിഫ അറബ് കപ്പുമായി ബന്ധപ്പെട്ട് ഫുട്ബോൾ ആരാധകർക്കായൊരുക്കുന്ന വിവിധ പരിപാടികൾ കണക്കിലെടുത്താണ് കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഖത്തർ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട് എന്നിവരുമായി സംയുക്തമായാണ് പബ്ലിക് വർക്ക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

2021 ഫിഫ അറബ് കപ്പ് ടൂർണമെന്റ് നടക്കുന്ന പശ്ചാത്തലത്തിൽ ഖത്തർ ടൂറിസം ആരാധകർക്കും, സന്ദർശകർക്കുമായി പതിനൊന്നാമത് ഖത്തർ അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റിവൽ ഉൾപ്പടെ നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കോർണിഷ് സ്ട്രീറ്റിലെ ഗതാഗത നിയന്ത്രണങ്ങൾ അടയാളപ്പെടുത്തിയിട്ടുള്ള ഒരു മാപ് അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്.

താത്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാലയളവിൽ മെട്രോ, ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത ആഴ്ച്ച അറിയിക്കുമെന്നും ഖത്തർ പബ്ലിക് വർക്ക്സ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.