ഖത്തർ ലോകകപ്പ് 2022: ടിക്കറ്റ്, ഹയ്യ കാർഡ്, താമസസൗകര്യങ്ങൾ എന്നിവ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രഖ്യാപിച്ചു

featured GCC News

നവംബറിൽ ആരംഭിക്കാനിരിക്കുന്ന ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട ടിക്കറ്റ്, ഹയ്യ കാർഡ്, താമസസൗകര്യങ്ങൾ, യാത്രാസൗകര്യങ്ങൾ മുതലായവയുടെ കൂടുതൽ വിവരങ്ങൾ ഖത്തർ അധികൃതർ പ്രഖ്യാപിച്ചു. 2022 സെപ്റ്റംബർ 8, വ്യാഴാഴ്ച ദോഹയിൽ നടന്ന പ്രത്യേക പത്ര സമ്മേളനത്തിൽ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 സി ഇ ഓ H.E. നാസ്സർ അൽ ഖാതീറാണ് ഈ വിവരങ്ങൾ പ്രഖ്യാപിച്ചത്.

ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റി അംഗം കേണൽ ജാസ്സിം അബ്ദുൾറഹ്മാൻ അൽ സയ്ദ്, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഡയറക്ടർ ജനറൽ എഞ്ചിനീയർ യാസർ അൽ ജമാൽ എന്നിവരും ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ 3 ദശലക്ഷം ടിക്കറ്റുകൾ ഇതുവരെ അനുവദിച്ചതായും, ഇതിൽ 2.45 ദശലക്ഷം ടിക്കറ്റുകൾ ഇതുവരെ വിറ്റുപോയതായും നാസ്സർ അൽ ഖാതീർ വ്യക്തമാക്കി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നടന്ന ടിക്കറ്റ് വില്പനയുടെ ഘട്ടത്തിൽ മാത്രം അഞ്ച് ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ, അർജന്റീന, സൗദി അറേബ്യ, മെക്സിക്കോ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങൾ എന്നിവയുടെ ടിക്കറ്റുകൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടിക്കറ്റ് വില്പനയുടെ അടുത്ത ഘട്ടം സെപ്റ്റംബർ മാസം അവസാനത്തിൽ ആരംഭിക്കുന്നതാണ്. ടൂർണമെന്റ് ടിക്കറ്റുകളുടെ കൗണ്ടർ വില്പന ഉടൻ തന്നെ ഖത്തറിൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനായി വിദേശത്ത് നിന്നെത്തുന്നവരെ താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പ് വരുത്തണമെന്ന് നാസ്സർ അൽ ഖാതീർ വ്യക്തമാക്കിയിട്ടുണ്ട്:

  • ടൂർണമെന്റിലെ മത്സരങ്ങൾ കാണുന്നതിനുള്ള ടിക്കറ്റ് ഉണ്ടായിരിക്കണം.
  • ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ സന്ദർശകരും ഹയ്യ ഡിജിറ്റൽ കാർഡിനായി അപേക്ഷിക്കേണ്ടതാണ്. (ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ https://pravasidaily.com/steps-to-follow-to-host-friends-and-family-during-fifa-world-cup-qatar-june-9-2022/ എന്ന വിലാസത്തിൽ ലഭ്യമാണ്.)
  • ഖത്തറിലെത്തിയ ശേഷമുള്ള താമസസൗകര്യങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്.

മത്സരങ്ങളുടെ ടിക്കറ്റില്ലാത്തവർക്ക് ഖത്തറിലേക്ക് പ്രവേശനം നൽകുന്നതിനായി ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു:

ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റിനായുള്ള വലിയ തിരക്ക് കണക്കിലെടുത്ത് ഒരു പ്രത്യേക പദ്ധതിയ്ക്ക് രൂപം നൽകിയതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഡയറക്ടർ ജനറൽ എഞ്ചിനീയർ യാസർ അൽ ജമാൽ അറിയിച്ചു. ‘1+3’ എന്ന ഈ പദ്ധതി പ്രകാരം നവംബർ 20 മുതൽ ഡിസംബർ 6 വരെയുള്ള ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ടിക്കറ്റ് നേടിയിട്ടുള്ള വ്യക്തികൾക്ക് അവരുടെ ഹയ്യ കാർഡ് ടിക്കറ്റില്ലാത്ത പരമാവധി മൂന്ന് ബന്ധുക്കളുമായോ, സുഹൃത്തുക്കളുമായോ ബന്ധിപ്പിക്കുന്നതിന് അവസരം നൽകുന്നതാണ്.

ഈ സംവിധാനത്തിലൂടെ മത്സരങ്ങളുടെ ടിക്കറ്റില്ലാത്ത വ്യക്തികൾക്ക്, ഹയ്യ കാർഡ് നേടിയിട്ടുള്ള വ്യക്തികൾക്കൊപ്പം, ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് നടക്കുന്ന കാലയളവിൽ ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് അവസരം ലഭിക്കുന്നതാണ്. ഈ പദ്ധതി അടുത്ത ആഴ്ച മുതൽ ആരംഭിക്കുന്നതാണ്.

ടിക്കറ്റ് നേടിയിട്ടുള്ള ഫുട്ബോൾ ആരാധകരുടെ കുടുംബാംഗങ്ങൾക്ക് ലോകകപ്പ് കാലയളവിൽ അവരോടൊപ്പം ഖത്തർ സന്ദർശിക്കുന്നതിന് ഈ പദ്ധതി അവസരമൊരുക്കുന്നു. 12 വയസിന് മുകളിൽ പ്രായമുള്ള ഇത്തരക്കാരിൽ നിന്ന് ഒരു ചെറിയ പ്രവേശന ഫീസ് ഈടാക്കുന്നതാണ്. അടുത്ത ആഴ്ച മുതൽ ഫുട്ബാൾ ആരാധകർക്കായി കൂടുതൽ താമസ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും, ഇതിനായി മറ്റു സ്വകാര്യ വെബ്സൈറ്റുകളുടെ സേവനം ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ബുക്കിംഗ് ഉപയോഗിച്ച് കൊണ്ടും ഹയ്യ കാർഡിന് അപേക്ഷിക്കാവുന്നതാണ്.

പങ്കെടുക്കുന്ന മുഴുവൻ സന്ദർശകരുടെയും സുരക്ഷ ഉറപ്പ് വരുത്തിക്കൊണ്ടുള്ള ഒരു ലോകകപ്പ് ടൂർണമെന്റായിരിക്കും ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 എന്ന് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റി അംഗം കേണൽ ജാസ്സിം അബ്ദുൾറഹ്മാൻ അൽ സയ്ദ് വ്യക്തമാക്കി. ഹയ്യ കാർഡ് ലഭിച്ചിട്ടുള്ളവർക്ക് ഒന്നിലധികം തവണ ഖത്തറിലേക്ക് പ്രവേശിക്കുന്നതിനും, തിരികെ മടങ്ങുന്നതിനും അനുവാദമുണ്ടായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി 2022 നവംബർ 1 മുതൽ ഹയ്യ കാർഡിലെ മൾട്ടിപ്പിൾ വിസിറ്റ് സേവനം പ്രവർത്തനക്ഷമമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഫുട്ബോൾ മത്സരങ്ങൾ കാണുന്നതിനായി കരമാർഗം ഖത്തറിലേക്ക് പ്രവേശിക്കുന്നവർക്ക് അബു സംറ ബോർഡർ പോർട്ടിൽ പാർക്കിംഗ് സേവനങ്ങൾ ഒരുക്കുമെന്നും, അവിടെ നിന്ന് ഗതാഗത സംവിധാനങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഖത്തർ നമ്പർ പ്ലേറ്റില്ലാത്ത കാറുകൾക്ക് കര അതിർത്തികളിലൂടെ പ്രവേശിക്കുന്നതിന് മുൻ‌കൂർ രജിസ്‌ട്രേഷൻ അടിസ്ഥാമാക്കിയുള്ള ഒരു സംവിധാനം ഒരുക്കുന്നതാണ്. ഇതിന്റെ വിവരങ്ങൾ 2022 ഒക്ടോബർ 15-ന് പ്രഖ്യാപിക്കുന്നതാണ്.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ സൗദി അറേബ്യയിലേക്കും, യു എ ഇയിലേക്കും, ഒമാനിലേക്കും പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന പ്രത്യേക വിസ പദ്ധതികളെക്കുറിച്ച് അതാത് രാജ്യങ്ങൾ നേരത്തെ അറിയിപ്പ് നൽകിയിട്ടുണ്ട്.