ഖത്തർ: അറബ് കപ്പുമായി ബന്ധപ്പെട്ട് മൊവാസലാത് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ചു

Qatar

2021 നവംബർ 30 മുതൽ ആരംഭിക്കാനിരിക്കുന്ന ഫിഫ അറബ് കപ്പുമായി ബന്ധപ്പെട്ട് പ്രത്യേക ബസ് സർവീസുകൾ നടത്തുമെന്ന് മൊവാസലാത് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അറബ് കപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളിലേക്ക് വിവിധ ഇടങ്ങളിൽ നിന്ന് സന്ദർശകരെ എത്തിക്കുന്നതിനായാണ് ഈ പ്രത്യേക ബസ് സർവീസുകൾ. ടൂർണമെന്റ് നടക്കുന്ന വേളയിൽ കോർണിഷ് ഉൾപ്പടെ വിവിധ ഇടങ്ങളിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ഈ ബസ് സർവീസുകൾ സന്ദർശകർക്ക് ഏറെ ഉപകാരപ്പെടുന്നതാണ്.

മെട്രോ ഷട്ടിൽ സർവീസുകൾ, പാർക്ക് ആൻഡ് റൈഡ് ഷട്ടിലുകൾ എന്നിവ സ്റ്റേഡിയങ്ങളിലേക്ക് സർവീസ് നടത്തുന്നതാണ്. ഇതിന് പുറമെ കോർണിഷ് ഷട്ടിൽ സർവീസ്, B, C റിങ്ങ് റോഡുകളിൽ സഞ്ചരിക്കുന്ന സെൻട്രൽ ദോഹ ലൂപ്പ് സർവീസ് എന്നിവയും മൊവാസലാത് പ്രഖ്യാപിച്ചിട്ടുണ്ട്. COVID-19 നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തരം ബസുകൾ 75 ശതമാനം ശേഷിയിലാണ് പ്രവർത്തിക്കുന്നത്.

സ്റ്റേഡിയങ്ങളിലേക്കുള്ള മെട്രോ ഷട്ടിൽ സർവീസുകൾ:

  • അൽ വക്ര മെട്രോ സ്റ്റേഷനിൽ നിന്ന് അൽ ജനൗബ് സ്റ്റേഡിയത്തിലേക്ക്.
  • ഫ്രീ സോൺ മെട്രോ സ്റ്റേഷനിൽ നിന്ന് അൽ തുമാമ സ്റ്റേഡിയത്തിലേക്ക്.
  • ലുസൈൽ മെട്രോ സ്റ്റേഷനിൽ നിന്ന് അൽ ബെത് സ്റ്റേഡിയത്തിലേക്ക്.

സ്റ്റേഡിയങ്ങളിലേക്കുള്ള പാർക്ക് ആൻഡ് റൈഡ് ഷട്ടിൽ സർവീസുകൾ:

  • അൽ ബെത് സ്റ്റേഡിയത്തിലേക്കുള്ള P54 സർവീസ്.
  • എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലേക്കുള്ള P36, 34 സർവീസുകൾ.
  • റാസ്‌ അബു അബൗദ് സ്റ്റേഡിയത്തിലേക്കുള്ള P71, P70 സർവീസുകൾ.
  • അൽ ജനൗബ് സ്റ്റേഡിയത്തിലേക്കുള്ള P27 സർവീസ്.