ശക്തമായ കാറ്റ് അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ രാജ്യത്തെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള തൊഴിൽ മേഖലകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ഖത്തർ തൊഴിൽ വകുപ്പ് തൊഴിലുടമകളോട് നിർദ്ദേശിച്ചു. മെയ് 17-ന് രാത്രിയാണ് ഖത്തർ തൊഴിൽ വകുപ്പ് ഈ നിർദ്ദേശം നൽകിയത്.
മെയ് 17-ന് ഖത്തർ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ അതിശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിൽ മേഖലയിലെ സുരക്ഷാ നടപടികൾ ശക്തമാക്കാൻ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടത്.
കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരാനും, തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ മുഴുവൻ തൊഴിലുടമകളും തൊഴിലിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ കൃത്യമായി ഉറപ്പ് വരുത്തേണ്ടതാണ്. കാറ്റിന്റെ വേഗത അളക്കുന്നതിനുള്ള ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതും, അനുവദനീയമായതിലും വേഗതയിൽ കാറ്റ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ക്രെയിൻ ഉൾപ്പടെയുള്ള ഉപകരണങ്ങളുടെ പ്രവർത്തനം നിർത്തിവെക്കേണ്ടതുമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇത്തരം മുൻകരുതൽ നടപടികൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക പരിശോധനകൾ നടപ്പിലാക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ ആഴ്ച്ച അവസാനം വരെ ഖത്തറിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടാമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Cover Image: Dusty winds at Qatar on May 17, 2022. Source: Qatar News Agency.