വാണിജ്യ ആവശ്യങ്ങൾക്കായി രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കരുതെന്ന് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. വ്യാപാരശാലകളിലും, ഓൺലൈൻ വില്പനശാലകളിലും ദേശീയ ചിഹ്നം ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
2022 സെപ്റ്റംബർ 22-നാണ് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ട്രേഡ്മാർക്കുകളുമായി ബന്ധപ്പെട്ട 2022/9 എന്ന നിയമപ്രകാരമാണ് ഈ വിലക്ക്.
രാജ്യത്തെ വ്യാപാരശാലകൾ, വാണിജ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഈ നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകിയതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക പരിശോധനകൾ നടത്തുമെന്നും നിയമലംഘകർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
സ്റ്റേറ്റ് ഓഫ് ഖത്തറിന്റെ പുതിയ ദേശീയ ചിഹ്നം ഖത്തർ പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയുമായ H.E. ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ താനി 2022 സെപ്റ്റംബർ 15-ന് അനാച്ഛാദനം ചെയ്തിരുന്നു.