ഖത്തർ: പുതുക്കിയ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തു

featured GCC News

സ്റ്റേറ്റ് ഓഫ് ഖത്തറിന്റെ പുതിയ ദേശീയ ചിഹ്നം ഖത്തർ പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയുമായ H.E. ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ താനി അനാച്ഛാദനം ചെയ്തു. 2022 സെപ്റ്റംബർ 15-ന് ഖത്തർ നാഷണൽ മ്യൂസിയത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം പുതിയ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത്.

ഖത്തറിൽ ചരിത്രപരമായി പ്രാധാന്യമുള്ള അടയാളങ്ങളായ ‘സ്ഥാപകന്റെ ഉടവാൾ’, ഈന്തപ്പന, സമുദ്രം, മരം കൊണ്ട് നിർമ്മിച്ച ജാൽബൂത് എന്ന പരമ്പരാഗത യാനം എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ ദേശീയ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്.

വെളുത്ത പ്രതലത്തിൽ മറൂൺ നിറത്തിലാണ് ഈ ദേശീയ ചിഹ്നം രൂപകല്പന ചെയ്തിരിക്കുന്നത്.

ഖത്തറിന്റെ സംസ്കാരം, ഭൂതകാലം, വർത്തമാനകാലം, ഭാവി എന്നിവയുടെ സമന്വയമാണ് ഈ പുതിയ നാഷണൽ എംബ്ലം എന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് അറിയിച്ചു. പരമ്പരാഗത മൂല്യങ്ങളെയും, സാംസ്കാരികത്തനിമയെയും ചേർത്ത് പിടിച്ച് കൊണ്ട് ഭാവിയിലേക്ക് ദൃഷ്ടിയൂന്നുന്ന രീതിയിലാണ് ഈ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

സ്റ്റേറ്റ് ഓഫ് ഖത്തറിന്റെ ദേശീയ ചിഹ്നത്തിന്റെ 1966 മുതൽ ഇതുവരെയുള്ള പരിണാമം വ്യക്തമാക്കുന്നതിനായി ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് ഒരു വീഡിയോ ദൃശ്യം പങ്ക് വെച്ചിട്ടുണ്ട്.

Cover Image: Qatar News Agency.