ഖത്തർ: സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് 50% ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ ക്യാബിനറ്റ് അനുമതി നൽകി

featured Qatar

രാജ്യത്തെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക് 50% ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകാൻ ഖത്തർ ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായി. ഖത്തർ പ്രധാനമന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ നേതൃത്വത്തിൽ ഏപ്രിൽ 29, വ്യാഴാഴ്ച്ച ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.

ഈ തീരുമാനപ്രകാരം, ഏപ്രിൽ 29 മുതൽ രാജ്യത്തെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക് പരമാവധി 50 ശതമാനം ശേഷിയിൽ സേവനങ്ങൾ നൽകാവുന്നതാണ്. ഈ തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. പൂർണ്ണമായും COVID-19 ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിച്ചായിരിക്കും ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി, രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള അടിയന്തിര ഘട്ടങ്ങളിലൊഴികെയുള്ള മെഡിക്കൽ സേവനങ്ങൾ നിർത്തലാക്കാൻ 2021 മാർച്ച് 31-ന് ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചിരുന്നു.