മഹാമാരിയുടെ ആരംഭം മുതൽ ഇതു വരെ ഏതാണ്ട് ഒരു ദശലക്ഷത്തിലധികം പേരിൽ COVID-19 പരിശോധനകൾ നടത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. നവംബർ 7-ലെ മന്ത്രാലയത്തിൽ നിന്നുള്ള ദിനംപ്രതിയുള്ള കൊറോണ വൈറസ് രോഗബാധയുടെ കണക്കുകൾ അനുസരിച്ച് ഇതുവരെ 1011047 പേരിലാണ് COVID-19 പരിശോധനകൾ നടത്തിയിട്ടുള്ളത്. ഖത്തറിലെ ജനസംഖ്യയുടെ ഏതാണ്ട് 36 ശതമാനത്തോളം പേരിൽ പരിശോധനകൾ നടത്തിയതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇതുവരെ ഖത്തറിൽ 131075 പേർ രോഗമുക്തരായതായും മന്ത്രലയത്തിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിൽ 2706 പേരാണ് ചികിത്സയിൽ തുടരുന്നത്. 276 പേർ ഹോസ്പിറ്റൽ ചികിത്സയിലും, 40 പേർ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. ഖത്തറിൽ ഇതുവരെ 232 പേരാണ് COVID-19 രോഗബാധയെത്തുടർന്ന് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 202 പേരിലാണ് കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയത്. ഖത്തറിലെ രോഗവ്യാപനത്തിൽ നിയന്ത്രണം വന്നിട്ടുണ്ടെങ്കിലും ജനങ്ങളോട് ജാഗ്രത തുടരാനും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു ഇടങ്ങളിൽ നിർബന്ധമായും മാസ്കുകൾ ഉപയോഗിക്കാനും, കർശനമായുള്ള സമൂഹ അകലം പാലിക്കാനും ജനങ്ങളോട് മന്ത്രാലയം ആഹ്വാനം ചെയ്തു.