COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിച്ച വ്യക്തികളുടെ രോഗപ്രതിരോധ ശേഷി സാധുതാ കാലാവധി 12 മാസത്തേക്ക് നീട്ടാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 10-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്കൊപ്പം, COVID-19 രോഗമുക്തി നേടിയവരുടെയും രോഗപ്രതിരോധ ശേഷി സാധുതാ കാലാവധി 12 മാസമാക്കി മന്ത്രാലയം പുനർനിശ്ചയിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിൽ നിന്നുള്ള ഏറ്റവും പുതിയ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരിലും, രോഗമുക്തരിലും രോഗപ്രതിരോധ ശേഷി 12 മാസം വരെ തുടരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം. ഖത്തറിൽ രോഗപ്രതിരോധ ശേഷി സാധുതാ കാലാവധി നേരത്തെ 9 മാസത്തേക്കാണ് കണക്കാക്കിയിരുന്നത്.
COVID-19 രോഗമുക്തി നേടിയ വ്യക്തികളുടെ വാക്സിനേഷൻ സ്റ്റാറ്റസ് കണക്കിലെടുക്കാതെ തന്നെ അവർക്ക് 12 മാസത്തെ രോഗപ്രതിരോധ ശേഷി സാധുത അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ 12 വയസിന് മുകളിൽ പ്രായമുള്ളവർ (രണ്ടാം ഡോസ് നേടി 6 മാസം പൂർത്തിയായിരിക്കണം) ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് പ്രധാനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.