രാജ്യത്ത് COVID-19 വാക്സിനേഷൻ നടപടികൾ കൃത്യമായി പൂർത്തിയാക്കിയവർക്കുള്ള ക്വാറന്റീൻ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി, മുഴുവൻ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകളും പൂർത്തിയാക്കിയവർക്കുള്ള ക്വാറന്റീൻ ഇളവുകളുടെ കാലാവധി 6 മാസമാക്കി ഉയർത്താൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
മാർച്ച് 9-ന് വൈകീട്ടാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. നേരത്തെ ഇത്തരത്തിൽ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മൂന്ന് മാസത്തേക്കാണ് ക്വാറന്റീൻ ഒഴിവാക്കി നൽകിയിരുന്നത്. ഈ പുതിയ തീരുമാനത്തോടെ ഇത്തരക്കാർക്ക് അവസാന ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷം ആറ് മാസത്തേക്ക് ക്വാറന്റീൻ നടപടികൾ ഒഴിവാക്കി നൽകുന്നതാണ്.
ഖത്തറിൽ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതിനുള്ള ഏറ്റവും പുതിയ മാനദണ്ഡങ്ങൾ:
- COVID-19 വാക്സിനിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷമാണ് ഈ ഇളവുകൾ അനുവദിക്കുന്നത്. ഇത്തരക്കാർ രാജ്യത്തേക്ക് വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന അവസരത്തിൽ PCR ടെസ്റ്റ് നടത്തി, നെഗറ്റീവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്. ഇത്തരം പരിശോധനകളിൽ നെഗറ്റീവ് ആകുന്നവർക്കാണ് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നത്.
- രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷമുള്ള തീയ്യതി മുതൽ 6 മാസത്തേക്കാണ് നിലവിൽ ക്വാറന്റീൻ ഒഴിവാക്കുന്ന ഈ ഇളവ് അനുവദിക്കുന്നത്. നേരത്തെ ഈ കാലാവധി 3 മാസമായിരുന്നു.
- രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച ശേഷം എപ്പോൾ വേണമെങ്കിലും യാത്ര ചെയ്യാവുന്നതാണ്.
- വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ രക്ഷിതാക്കൾക്കൊപ്പം ഗ്രീൻ പട്ടികയിൽപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ മടങ്ങിയെത്തുന്ന 16 വയസിൽ താഴെ പ്രായമുള്ള വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാത്ത കുട്ടികൾക്ക് ഹോം ക്വാറന്റീൻ അനുവദിക്കുന്നതാണ്. ഏഴ് ദിവസത്തേക്കാണ് ഇത്തരം കുട്ടികൾ ക്വാറന്റീനിൽ തുടരേണ്ടത്.
- മറ്റു രാജ്യങ്ങളിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവർക്ക് ഈ ഇളവ് നിലവിൽ ബാധകമല്ല. ഖത്തറിൽ നിന്ന് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമാണ് MoPH നിലവിൽ ഈ ഇളവ് അനുവദിക്കുന്നത്.
വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവരിൽ രോഗപ്രതിരോധ ശേഷി നിലനിൽക്കുന്ന കാലയളവ് സംബന്ധിച്ച് കൂടുതൽ പഠനവിവരങ്ങൾ ലഭിക്കുന്ന പക്ഷം, ഈ കാലാവധി ഭാവിയിൽ നീട്ടിനൽകാൻ സാധ്യതയുണ്ടെന്ന് ക്വാറന്റീൻ നടപടികളിൽ മൂന്ന് മാസത്തെ ഇളവ് അനുവദിച്ച് കൊണ്ടുള്ള അറിയിപ്പ് നൽകുന്ന അവസരത്തിൽ ഫെബ്രുവരി 18-ന് മന്ത്രാലയം അറിയിച്ചിരുന്നു.
അതേ സമയം, രാജ്യത്ത് മുഴുവൻ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകളും പൂർത്തിയാക്കിയവർക്ക്, അവസാന ഡോസ് കുത്തിവെപ്പ് എടുത്ത് 7 ദിവസത്തിന് ശേഷം വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഓൺലൈനിൽ നിന്ന് ലഭ്യമാണെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.