ഖത്തർ: വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കുള്ള ക്വാറന്റീൻ ഇളവുകളുടെ കാലാവധി 9 മാസമാക്കി ഉയർത്തി

featured GCC News

ഖത്തറിൽ നിന്ന് COVID-19 വാക്സിനേഷൻ നടപടികൾ കൃത്യമായി പൂർത്തിയാക്കിയവർക്കുള്ള ക്വാറന്റീൻ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി, ഖത്തറിൽ നിന്ന് മുഴുവൻ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകളും പൂർത്തിയാക്കിയവർക്കുള്ള ക്വാറന്റീൻ ഇളവുകളുടെ കാലാവധി 9 മാസമാക്കി ഉയർത്താൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

മെയ് 12-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. നേരത്തെ ഇത്തരത്തിൽ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ആറ് മാസത്തേക്കാണ് ക്വാറന്റീൻ ഒഴിവാക്കി നൽകിയിരുന്നത്. ഈ പുതിയ തീരുമാനത്തോടെ ഇത്തരക്കാർക്ക് അവസാന ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷം ഒമ്പത് മാസത്തേക്ക് ക്വാറന്റീൻ നടപടികൾ ഒഴിവാക്കി നൽകുന്നതാണ്.

ഇത്തരക്കാർക്ക് രോഗബാധിതരുമായി സമ്പർക്കത്തിനിടയാകുന്ന അവസരത്തിലും, വിദേശത്ത് യാത്ര ചെയ്ത ശേഷം ഖത്തറിൽ തിരികെ എത്തുന്ന അവസരത്തിലുമാണ് ക്വാറന്റീൻ ഇളവ് അനുവദിക്കുന്നത്. ഇത്തരക്കാർ രാജ്യത്തേക്ക് വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന അവസരത്തിൽ PCR ടെസ്റ്റ് നടത്തി, നെഗറ്റീവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്. ഇത്തരം പരിശോധനകളിൽ നെഗറ്റീവ് ആകുന്നവർക്കാണ് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നത്.

എന്നാൽ ഈ ക്വാറന്റീൻ ഇളവ് ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നെ രാജ്യങ്ങൾ സന്ദർശിച്ച ശേഷം മടങ്ങിയെത്തുന്നവർക്ക് ബാധകമല്ല. വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവരിൽ രോഗപ്രതിരോധ ശേഷി നിലനിൽക്കുന്ന കാലയളവ് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം. രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷമുള്ള തീയ്യതി മുതൽ 9 മാസത്തേക്കാണ് നിലവിൽ ക്വാറന്റീൻ ഒഴിവാക്കുന്ന ഈ ഇളവ് അനുവദിക്കുന്നത്.