ദുബായിയുടെ സാംസ്കാരിക തനിമയിലേക്ക് ഒരു കിളിവാതിൽ – അൽ ഷിന്ദഗ ദിനങ്ങൾ ജനുവരി 9 മുതൽ

GCC News

ദുബായ് എന്ന് കേട്ടാൽ ഷോപ്പിംഗിന്റെ മായികകാഴ്ചകളും ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭ്രമിപ്പിക്കുന്ന ലോകവുമാണ് സഞ്ചാരികളുടെ ആദ്യമായി മനസ്സിലേക്ക് ഓടിവരുന്ന ചിത്രം. എന്നാൽ സന്ദർശകർക്കായി ദുബായിയുടെ പൈതൃകത്തെ അടുത്തറിയാനും, ഷോപ്പിംഗിനും, ഭ്രമിപ്പിക്കുന്ന കാഴ്ചകൾക്കും അപ്പുറത്തുള്ള ഈ പ്രദേശത്തിന്റെ സാംസ്കാരിക തനിമകളെ അനുഭവിച്ചറിയാനും ഉള്ള ഒരു കിളിവാതിൽ ഈ ജനുവരി 9 മുതൽ ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി (Dubai Culture and Arts Authority) പണിതൊരുക്കുന്നു.

പത്ത് ദിവസം നീളുന്ന അൽ ഷിന്ദഗ ദിനങ്ങൾ (Al Shindagha Days) എന്ന സാംസ്കാരികോത്സവം സന്ദർശകർക്കായി ഇപ്പോൾ നടന്നു വരുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് കൂടെ, യുഎഇയുടെ സംസ്കാരത്തിന്റെ എല്ലാ പകിട്ടുകളും തനിമയും ഒളിമങ്ങാതെ ആസ്വദിക്കാൻ ഉള്ള ഒരു അവസരമാണ് നൽകുന്നത്. അടുത്തിടെ നവീകരിച്ച ചരിത്രമുറങ്ങുന്ന അൽ ഷിന്ദഗ പരിസരത്താണ് ദുബായ് കൾച്ചർ, കോമേഴ്‌സ് മാർക്കറ്റിംഗും, ഡിപ്പാർട്മെന്റ് ഓഫ് ടൂറിസവും ചേർന്ന് ഈ സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നത്.

ഹത്തയിലെ വാദി ഹത്ത പാർക്കിൽ ജനുവരി 11 വരെയാണ് ഹത്ത കൾച്ചറൽ നൈറ്റ്സ്‌ സംഘടിപ്പിക്കുന്നത്.

ഈ സംസ്കാരികോത്സവത്തിൽ ബർദുബായ് പരിസരത്തുള്ള അൽ ഷിന്ദഗ മ്യൂസിയം, ഹിസ്റ്റോറിക്കൽ ഡോക്യൂമെന്റസ് സെന്റർ, സറൂഖ്‌ അൽ ഹാദിദ് ആർക്കിയോളോജിക്കൽ മ്യൂസിയം, പെർഫ്യൂം ഹൗസ്, ഓൾഡ് ദുബായിയുടെ വാട്ടർ ഫ്രണ്ട് എന്നിവയെല്ലാം സന്ദർശകരെ വരവേറ്റു അവർക്കായി ആവേശം കൊള്ളിക്കുന്ന പൈതൃകത്തിന്റെ കഥകൾ ചൊല്ലിക്കൊടുക്കും.

പുതുതലമുറയിലേക്ക് എമിറാത്തി സംസ്കാരത്തെയും, യുഎഇയിലെ നാടോടി അറിവുകളെയും പാരമ്പര്യത്തെയും പകരുക,എന്നതാണ് ഈ മേളകൊണ്ട് സംഘാടകർ ഉദേശിക്കുന്നത്. സംസ്കാരികോത്സവത്തിന്റെ ഭാഗമായി സന്ദർശകർക്ക് ആസ്വദിക്കാനായി വിവിധ തരത്തിലുള്ള സാംസ്‌കാരിക, കലാ പരിപാടികളും, എമിറാത്തി നാടോടി കളികളും, നാടകവേദികളും എല്ലാം ഉണ്ടായിരിക്കും.അൽ ഷിന്ദഗ ദിനങ്ങൾ അതിന്റെ ഒന്നാം പതിപ്പിൽ തന്നെ സന്ദർശകർക്ക് എമിറാത്തി സംസ്കാരത്തിന്റെ മനോഹരമായ ഒരു അനുഭവവേദിയായിരിക്കും.