ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് യാത്രാ മാനദണ്ഡങ്ങൾ സംബന്ധിച്ച അവബോധം നൽകുന്നതിനായി GCO പുതിയ വെബ്സൈറ്റ് ആരംഭിച്ചു

featured Qatar

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യാത്രാ മാനദണ്ഡങ്ങൾ സുഗമമായി മനസ്സിലാക്കുന്നതിനുള്ള സഹായം ഉറപ്പ് വരുത്തുന്നതിനായി ഖത്തർ ഗവെർന്മെന്റ് കമ്മ്യൂണിക്കേഷൻ ഓഫീസ് (GCO) പുതിയ വെബ്സൈറ്റ് ആരംഭിച്ചു. പാരസ്പര്യ സംഭാഷണ രീതിയിൽ തയ്യാറാക്കിയിട്ടുള്ള ഈ വെബ്സൈറ്റിലൂടെ യാത്രികർക്ക് ഖത്തറിലേക്കുള്ള യാത്രകളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്.

ജൂലൈ 25-ന് വൈകീട്ടാണ് GCO ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ വെബ്സൈറ്റിലൂടെ യാത്രികർക്ക് ബാധകമാകുന്ന സുരക്ഷാ നിബന്ധനകൾ, നിർദ്ദേശങ്ങൾ, ആവശ്യമാകുന്ന യാത്രാ രേഖകൾ, പൂർത്തിയാക്കേണ്ടതായ തയ്യാറെടുപ്പുകൾ തുടങ്ങിയ വിവരങ്ങളെല്ലാം ലഭ്യമാകുന്നതാണ്.

https://www.gco.gov.qa/en/travel/ എന്ന വിലാസത്തിൽ GCO തയ്യാറാക്കിയിട്ടുള്ള ഈ പുതിയ വെബ്സൈറ്റ് ലഭ്യമാണ്. വാക്സിനേഷൻ, യാത്ര പുറപ്പെടുന്ന രാജ്യം, ഒപ്പമുള്ള യാത്രികർ, കുട്ടികൾ, കൈവശമുള്ള യാത്രാ രേഖകൾ തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്ത് കൊണ്ട് യാത്രികന് തന്റെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും ഈ വെബ്സൈറ്റിലൂടെ കണ്ടെത്താവുന്നതാണ്.