ഖത്തറിലേക്ക് മടങ്ങിയെത്തുന്നവർക്കായി Ehteraz ആപ്പിൽ പുതിയ സേവനം ആരംഭിച്ചു

GCC News

രാജ്യത്തേക്ക് തിരികെ മടങ്ങുന്നവർക്കായി ഖത്തർ തങ്ങളുടെ COVID-19 കോൺടാക്ട് ട്രേസിങ്ങ് ആപ്പായ Ehteraz-ൽ പുതിയ സേവനം ആരംഭിച്ചു. ഖത്തറിലേക്ക് മടങ്ങിയെത്തുന്നവർക്ക് മുൻ‌കൂർ റജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള സേവനമാണ് ഇപ്പോൾ Ehteraz ആപ്പിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

‘Pre-Registration System’ എന്ന ഈ സേവനം ആപ്പിന്റെ സ്ക്രീനിലെ മുകൾ വശത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തേക്ക് മടങ്ങിയെത്തുന്നവരുടെ ആരോഗ്യ സ്റ്റാറ്റസ് സംബന്ധമായ വിവരങ്ങൾ പരിശോധിക്കുന്നതിനും, ക്വാറന്റീൻ നടപടികൾ, ക്വാറന്റീൻ ഇളവുകൾ സംബന്ധിച്ച മുൻ‌കൂർ അനുമതികൾ തുടങ്ങിയ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമായാണ് ഈ സേവനം.

മടങ്ങിയെത്തുന്നവർക്ക് ഈ റജിസ്‌ട്രേഷൻ നിലവിൽ നിർബന്ധമാക്കിയിട്ടില്ല. എന്നാൽ ഈ റജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നത് രാജ്യത്തേക്ക് പ്രവേശിക്കുന്ന വേളയിലെ നടപടികൾ വേഗത്തിലാക്കുന്നതിനും, കാത്ത്നിൽപ്പ് ഒഴിവാക്കുന്നതിനും സഹായകമാണെന്ന് ഖത്തർ ഇ-ഗവണ്മെന്റ് പോർട്ടലായ ഹുക്കൂമി വ്യക്തമാക്കി. ഈ സംവിധാനത്തിൽ റജിസ്റ്റർ ചെയ്യുന്നവരുടെ വിവിധ പരിശോധനാ നടപടികൾ മുൻകൂറായി നടക്കുന്നതിനാൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന കവാടങ്ങളിലെ കാലതാമസം ഒഴിവാക്കാവുന്നതാണ്.