രാജ്യത്തെ ബാർബർഷോപ്പുകൾ, സലൂണുകൾ എന്നിവയിലെത്തുന്ന ഉപഭോക്താക്കളുടെ അവകാശങ്ങൾ സംബന്ധിച്ച് ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിപ്പ് നൽകി. ഉപഭോക്താക്കൾക്കായി ഇത്തരം സ്ഥാപനങ്ങൾ ഉറപ്പ് വരുത്തേണ്ടതായ കടമകൾ സംബന്ധിച്ചും മന്ത്രാലയം ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തറിലെ ബാർബർഷോപ്പുകൾ, സലൂണുകൾ എന്നിവയിലെത്തുന്ന ഉപഭോക്താക്കളുടെ അവകാശങ്ങൾ:
- ബാർബർഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ സാധുത പരിശോധിക്കുന്നതിന് ഉപഭോക്താക്കൾക്ക് അവകാശമുണ്ട്.
- സേവനം സ്വീകരിക്കുന്നതിന് മുൻപായി ഇത്തരം സ്ഥാപനങ്ങളിൽ വിവിധ സേവനങ്ങൾക്ക് ഈടാക്കുന്ന നിരക്കുകൾ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് ഉപഭോക്താക്കൾക്ക് അവകാശമുണ്ട്.
- ഇത്തരം സ്ഥാപനങ്ങൾ രാജ്യത്തെ പൊതു സുരക്ഷാ, ആരോഗ്യ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് ഉപഭോക്താക്കൾക്ക് അവകാശമുണ്ട്.
- ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളുടെ മതപരമായ വിശ്വാസങ്ങൾ, ആചാരങ്ങൾ, പരമ്പരാഗത രീതികൾ എന്നിവ ബഹുമാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് ഉപഭോക്താക്കൾക്ക് അവകാശമുണ്ട്.
- ഇത്തരം സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ സ്വീകരിച്ചതിന് നൽകുന്ന ബിൽ കൈവശം സൂക്ഷിക്കുന്നതിന് ഉപഭോക്താക്കൾക്ക് അവകാശമുണ്ട്. നഷ്‌ടപരിഹാരം ലഭിക്കുന്നതിനും, സേവനങ്ങൾക്ക് ഈടാക്കുന്ന ചാർജുകളിൽ ഭാവിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പരിശോധിക്കുന്നതിനും, കേടായ ഉത്പന്നങ്ങൾ മടക്കിനൽകുന്നതിനും/ മാറ്റിയെടുക്കുന്നതിനും, സ്ഥാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ സേവനങ്ങളുടെ വിലവിവരപ്പട്ടികയുമായി ഈടാക്കപ്പെട്ട ചാർജുകൾ ഒത്ത് നോക്കുന്നതിനും, ഏറ്റവും മികച്ച ഉത്പന്നങ്ങൾ/ സേവനങ്ങൾ എന്നിവ തിരഞ്ഞെടുക്കുന്നതിനും ഇത്തരം ബില്ലുകൾ ഉപഭോക്താവിന് അവസരം നൽകുന്നു.
ഇത്തരം സ്ഥാപനങ്ങൾ ഉറപ്പ് വരുത്തേണ്ടതായ കടമകൾ:
- അംഗീകൃത മാനദണ്‌ഡങ്ങൾ പ്രകാരമുള്ള സേവനങ്ങൾ/ ഉത്പന്നങ്ങൾ എന്നിവ നൽകുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്.
- രാജ്യത്തെ പൊതു സുരക്ഷാ, ആരോഗ്യ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
- സേവനങ്ങൾ തൃപ്‌തികരമായ രീതിയിൽ നൽകേണ്ടതാണ്. ഇത്തരം സേവനങ്ങളുമായി ബന്ധപ്പെട്ട് അവകാശപ്പെടുന്ന കാലയളവിൽ ഇവ നിലനിൽക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും, വിലവിവരം ഉൾപ്പടെ രേഖപ്പെടുത്തേണ്ടതാണ്.
Cover Image: Pixabay.