രാജ്യത്തേക്ക് പ്രവേശിക്കുന്നതും, രാജ്യത്ത് നിന്ന് മടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, നിയമങ്ങൾ എന്നിവ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് അവ തിരുത്തുന്നതിനും, തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനുമായി അധികസമയം അനുവദിക്കാൻ തീരുമാനിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2021 ഒക്ടോബർ 7, വ്യാഴാഴ്ച്ച രാവിലെയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം ഖത്തറിലെ പ്രവാസികളുടെ എൻട്രി, എക്സിറ്റ്, റെസിഡൻസി എന്നിവയുമായി ബന്ധപ്പെട്ട നിയമമായ ’21/ 2015′-ൽ ലംഘനങ്ങൾ വരുത്തിയിട്ടുള്ള പ്രവാസികൾക്ക്, തങ്ങളുടെ വിസ സ്റ്റാറ്റസ് നിയമം അനുശാസിക്കുന്ന രീതിയിൽ ശരിയാക്കുന്നതിനായി 2021 ഒക്ടോബർ 10 മുതൽ ഡിസംബർ 31 വരെ പ്രത്യേക സമയപരിധി അനുവദിക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനത്തിന്റെ ആനുകൂല്യം താഴെ പറയുന്ന രീതിയിലുള്ള വിസ ലംഘനങ്ങൾക്ക് ബാധകമാണ്:
- റെസിഡൻസി നിയമങ്ങളുടെ ലംഘനം.
- വർക്ക് വിസ നിയമങ്ങളുടെ ലംഘനം.
- ഫാമിലി വിസിറ്റ് വിസ നിയമങ്ങളുടെ ലംഘനം.
ഇത്തരം പ്രവാസികൾക്ക് തങ്ങളുടെ വിസ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനും, നിയമ നടപടികൾ ഒഴിവാക്കുന്നതിനുമായി ഈ സമയപരിധി പ്രയോജനപ്പെടുത്താവുന്നതാണ്.
ഇത്തരം പ്രവാസികൾക്കോ, അവരുടെ തൊഴിലുടമകൾക്കോ ഉം സലാൽ, ഉം സുനൈമ്, മെസൈമീർ, അൽ വക്ര, അൽ റയ്യാൻ എന്നിവിടങ്ങളിലെ സേവനകേന്ദ്രങ്ങളിൽ നേരിട്ടെത്തി ഇതിനായുള്ള അപേക്ഷകൾ നൽകാവുന്നതാണ്. ഇത്തരം അപേക്ഷകൾ ഈ കേന്ദ്രങ്ങളിൽ ദിനവും ഉച്ചയ്ക്ക് 1 മണി മുതൽ 6 മണിവരെ സമർപ്പിക്കാവുന്നതാണ്.