പ്രവാസികൾക്കിടയിൽ രാജ്യത്തെ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഖത്തർ ആഭ്യന്തര മന്ത്രാലയം വെബ്ബിനാർ സംഘടിപ്പിച്ചു. നിയമക്കുരുക്കുകൾ ഒഴിവാക്കുന്നതിനായി, രാജ്യത്തെ നിയമങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കാനും, രാജ്യത്ത് നിലനിൽക്കുന്ന ആചാരങ്ങൾ, സമ്പ്രദായങ്ങൾ എന്നിവയെക്കുറിച്ച് മനസിലാക്കാനും ഖത്തറിലെ പ്രവാസികളോട് ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.
‘പ്രവാസി സമൂഹത്തിനിടയിൽ കണ്ട് വരുന്ന പൊതുവായ കുറ്റകൃത്യങ്ങളും, നിയമലംഘനങ്ങളും’ എന്ന വിഷയത്തെക്കുറിച്ചാണ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ക്യാപിറ്റൽ സെക്യൂരിറ്റി വിഭാഗം അടുത്തിടെ വെബ്ബിനാർ സംഘടിപ്പിച്ചത്. ഇതിൽ പ്രവാസികൾ ഒഴിവാക്കേണ്ടതായ നിരവധി നിയമലംഘനങ്ങൾ മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള വിവിധ സ്ഥാപനങ്ങളിലെ, ഹ്യൂമൻ റിസോഴ്സ്സ് വിഭാഗം ജീവനക്കാർ, ഫിനാൻസ് വിഭാഗം ജീവനക്കാർ, പബ്ലിക് റിലേഷൻസ് ഓഫീസർമാർ, പ്രവാസി സമൂഹത്തിലെ വിവിധ പ്രതിനിധികൾ തുടങ്ങിയവർ ഈ വെബ്ബിനാറിൽ പങ്കെടുത്തു.
ഈ വെബ്ബിനാറിൽ ഖത്തർ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയ നിയമലംഘനങ്ങൾ:
- തൊഴിൽ തർക്കങ്ങൾ, ശമ്പള വിതരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രവാസികൾ നിയമപരമായ മാർഗങ്ങൾ സ്വീകരിക്കണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ, ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ ഏതാനം സ്ഥാപനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രാലയം, ഇത്തരം സാഹചര്യങ്ങളിൽ സമരങ്ങൾ, വലിയ രീതിയിലുള്ള ആൾക്കൂട്ടം എന്നിവ ഒഴിവാക്കാനും നിയമപരമായ മാർഗങ്ങളിലൂടെ ഇവ സംബന്ധിച്ച പരാതികൾ അധികൃതരെ ധരിപ്പിക്കാനും പ്രവാസികളോട് നിർദ്ദേശിച്ചു.
- ഫോൺ, പണം, സ്വർണ്ണാഭരണങ്ങൾ മുതലായ വിലകൂടിയ വസ്തുക്കൾ കളഞ്ഞ് കിട്ടുന്നവർ, ഏഴ് ദിവസങ്ങൾക്കുള്ളിൽ അവ ഉടമസ്ഥർക്കോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഏല്പിക്കേണ്ടതാണ്. ഏഴ് ദിവസത്തിനകം ഇത്തരം വസ്തുക്കൾ അധികൃതർക്ക് കൈമാറാതെ കൈവശം വെക്കുന്നവർക്ക് 3000 റിയാൽ വരെ പിഴയും, ആറ് മാസത്തെ തടവും ലഭിക്കാവുന്നതാണ്.
- മോഷണം നടത്തുന്നവർക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. മറ്റുള്ളവരുടെ വസ്തുക്കൾ സ്വന്തം ആവശ്യത്തിനായി ദുരുപയോഗം ചെയ്യുന്ന പ്രവർത്തികളെല്ലാം മോഷണത്തിന്റെ പരിധിയിൽ വരുന്നതാണ്.
- ലൈസൻസ് കൂടാതെ കച്ചവടം ചെയ്യുന്നത് നിയമലംഘനമാണ്. വഴിയരികിൽ നിന്ന് സാധനങ്ങൾ കച്ചവടം ചെയ്യുന്നവർക്കും ഈ നിയമം ബാധകമാണ്.
- പ്രത്യേക അനുമതിയുള്ള ഇടങ്ങളിലൊഴികെ പുകവലിക്കുന്നത് ഖത്തറിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഖത്തറിലെ പൊതുഗതാഗതത്തിനുള്ള ബസുകൾ, മെട്രോ എന്നിവയിൽ പുകവലി അനുവദനീയമല്ല.