യാത്രാവേളയിൽ ഇലക്ട്രോണിക് തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കുന്നതിന് സ്വീകരിക്കാവുന്ന മുൻകരുതൽ നടപടികൾ ഖത്തർ ആഭ്യന്തര മന്ത്രാലയം പങ്ക് വെച്ചു. 2024 ജൂലൈ 14-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഡിജിറ്റൽ തട്ടിപ്പുകൾക്ക് ഇരയാകുന്നത് ഒഴിവാക്കുന്നതിനായി യാത്രികർക്ക് താഴെ പറയുന്ന മുൻകരുതൽ നടപടികൾ സ്വീകരിക്കാവുന്നതാണ്:
- തിരക്കുള്ളതും, തുറന്നതുമായ ഇടങ്ങളിലെ എ ടി എം കേന്ദ്രങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പകരം ബാങ്കുകളുടെ ബ്രാഞ്ചുകളിൽ പ്രവർത്തിക്കുന്ന എ ടി എം കേന്ദ്രങ്ങൾ ഉപയോഗിക്കുക.
- രേഖകൾ, മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയ സ്വകാര്യ ഉപകരണങ്ങൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്.
- തട്ടിപ്പുകൾ ഒഴിവാക്കുന്നതിനായി ഹോട്ടൽ മുറികൾ, യാത്രാ സേവനങ്ങൾ, ടൂർ സേവനങ്ങൾ എന്നിവ ബുക്ക് ചെയ്യുന്നതിനായി പൊതുജനങ്ങൾക്കിടയിൽ മതിപ്പുള്ളതായ വെബ്സൈറ്റുകൾ ഉപയോഗിക്കുക.
- പരിചയമില്ലാത്ത ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുന്നത് ഒഴിവാക്കുക.
- സുരക്ഷിതവും, പ്രൈവറ്റ് ആയതുമായ വൈ-ഫൈ നെറ്റ്‌വർക്കുകൾ മാത്രം ഉപയോഗിക്കുക.
സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി 6681 5757 എന്ന നമ്പറിലൂടെയോ, cccc@moi.gov.qa എന്ന ഇമെയിൽ വിലാസത്തിലൂടെയോ, Metrash2 ആപ്പിലൂടെയോ സൈബർ ക്രൈംസ് കോംബാറ്റിംഗ് വകുപ്പുമായി ബന്ധപ്പെടാവുന്നതാണ്.