ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകൾക്ക് അരികിലേക്ക് സമീപിക്കുന്നത് ഒഴിവാക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിയമ നടപടികൾ നേരിടുന്നത് ഒഴിവാക്കുന്നതിന് ഇത് ഏറെ പ്രധാനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രധാനപ്പെട്ടതും, അല്ലാത്തതുമായ ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകൾക്ക് ഈ നിയമം ബാധകമാണ്.
ഖത്തറിലെ മാരിടൈം പെട്രോളിയം ആൻഡ് ഗ്യാസ് ഇൻസ്റ്റലേഷൻസ് സംരക്ഷണ നിയമം ‘8/2004’-ലെ ആർട്ടിക്കിൾ 3 പ്രകാരം ഇത്തരം സംവിധാനങ്ങളുടെ അഞ്ഞൂറ് മീറ്റർ പരിധിയിലേക്ക് അനുവാദമില്ലാത്തവർക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇതേ നിയമത്തിലെ ആർട്ടിക്കിൾ 4 അനുസരിച്ച് സമുദ്രത്തിലുള്ള ഇത്തരം സംവിധാനങ്ങളുടെ 500 മീറ്റർ പരിധിയിൽ മത്സ്യബന്ധനം നടത്തുന്നതും, മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്.
ഇതിൽ വീഴ്ച വരുത്തുന്നവർക്ക് താഴെ പറയുന്ന പ്രകാരം കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുന്നതാണ്:
- ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ 500 മീറ്റർ പരിധിയിലേക്ക് കടന്ന് കയറുന്നവർക്ക് ഒരു ലക്ഷം റിയാൽ, മൂന്ന് വർഷം വരെ തടവ് എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.
- ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളിൽ മനഃപൂർവ്വമായുള്ളതോ, അല്ലാത്തതോ ആയ ഏതെങ്കിലും നശീകരണപ്രവർത്തികൾ ചെയ്യുന്നവർക്ക് രണ്ട് ലക്ഷം റിയാൽ, മൂന്ന് വർഷം വരെ തടവ് എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.
- ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളിൽ മനഃപൂർവ്വമായുള്ള നശീകരണപ്രവർത്തികൾ ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം റിയാൽ, ഇരുപത് വർഷം വരെ തടവ് എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.
Cover Image: Qatar MoI.