റോഡപകടങ്ങൾ നടന്ന ശേഷം, അപകട രംഗത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അപകടങ്ങൾക്കിടയാക്കിയ ശേഷം അപകട രംഗത്ത് നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നത് രാജ്യത്ത് കുറ്റകരമായ പ്രവർത്തനമായി കണക്കാക്കുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
“റോഡപകടങ്ങൾക്കിടയാക്കിയ ശേഷം അപകട രംഗത്ത് നിന്ന് ഒളിച്ചോടുന്നതും, പോലീസ്, ട്രാഫിക് അധികൃതർ എന്നിവർ വാഹനങ്ങൾ നിർത്താൻ ആവശ്യപ്പെടുന്ന അവസരത്തിൽ അത്തരം നിർദ്ദേശങ്ങൾ അവഗണിക്കുന്നതും രാജ്യത്ത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് ഒരു മാസം മുതൽ മൂന്ന് വർഷം വരെ തടവും, 10000 മുതൽ 50000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.”, ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്ത് വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ ഭാഗത്ത് നിന്ന് ഏറ്റവും കൂടുതലായി കണ്ട് വരുന്ന നിയമലംഘനങ്ങളെക്കുറിച്ചുള്ള ഒരു പത്ര സമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. താഴെ പറയുന്ന ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ശിക്ഷാനടപടികളെക്കുറിച്ചും അധികൃതർ ഈ സമ്മേളനത്തിൽ ബോധവത്‌കരണം നൽകി.
- ട്രാഫിക്ക് സിഗ്നലുകൾ അവഗണിക്കുന്ന ഡ്രൈവർമാർക്ക് 6000 റിയാൽ പിഴചുമത്തുന്നതാണ്.
- 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻവശത്തെ സീറ്റിൽ ഇരിക്കാൻ അനുവദിക്കുന്ന ഡ്രൈവർമാർക്ക് 500 റിയാൽ പിഴ ചുമത്തുന്നതാണ്.
- മൊബൈൽ ഫോൺ, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കൈയിൽ പിടിച്ച് കൊണ്ട് വാഹനങ്ങൾ ഓടിക്കുന്നവർക്ക് 500 റിയാൽ പിഴ ചുമത്തുന്നതാണ്.