Ehteraz ആപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം നൽകുന്നതിനായി ഖത്തർ ആരോഗ്യ മന്ത്രാലയം ഒരു ഓൺലൈൻ ഗൈഡ് പുറത്തിറക്കി. ഈ ഗൈഡ് ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് ലഭ്യമാണ്.
2022 ഫെബ്രുവരി 2-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഉപഭോക്താക്കളുടെ ആരോഗ്യ സ്റ്റാറ്റസ് രേഖപ്പെടുത്തുന്നതിനായി Ehteraz ആപ്പിൽ ഉപയോഗിക്കുന്ന വിവിധ കളർ കോഡുകൾ, രോഗപ്രതിരോധ ശേഷി സ്റ്റാറ്റസ് രേഖപെടുത്തുന്നതിന് ഉപയോഗിക്കുന്ന ഗോൾഡൻ ഫ്രെയിം, രോഗമുക്തരായവരുടെ സ്റ്റാറ്റസ്, ആപ്പുമായി ബന്ധപ്പെടുത്തിയിട്ടുള്ള COVID-19 ടെസ്റ്റ് റിസൾട്ടുകൾ തുടങ്ങിയ വിവിധ വിവരങ്ങൾ ഈ ഗൈഡിൽ വ്യക്തമാക്കിയിട്ടുണ്ട്.
https://covid19.moph.gov.qa/EN/Documents/PDFs/Ehteraz-Guide-en.pdf എന്ന വിലാസത്തിൽ നിന്ന് PDF രൂപത്തിലുള്ള ഈ ഗൈഡ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. ഈ ഗൈഡിൽ നൽകിയിട്ടുള്ള വിവരങ്ങൾ പ്രകാരം, COVID-19 വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം 9 മാസങ്ങൾ പൂർത്തിയാക്കിയവർക്ക് ആപ്പിലെ ഗോൾഡ് ഫ്രെയിം (രോഗപ്രതിരോധ ശേഷി നേടിയതായി സൂചിപ്പിക്കുന്നു) നഷ്ടമാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് തിരികെ ലഭിക്കുന്നതിനായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കേണ്ടതാണ്.
2022 ഫെബ്രുവരി 1 മുതലാണ് രോഗപ്രതിരോധ ശേഷി നേടിയതായുള്ള സ്റ്റാറ്റസ് ലഭിക്കുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിരിക്കുന്നത്. ബൂസ്റ്റർ ഡോസ് എടുക്കുന്നവർക്ക് 9 മാസത്തെ കാലയളവിലേക്ക് കൂടി ഗോൾഡൻ ഫ്രെയിം തിരികെ ലഭിക്കുന്നതാണ്.