വേനൽ കടുത്തതോടെ, പുറം തൊഴിലിടങ്ങളിൽ സൂര്യാഘാതമേൽക്കുന്നത് ഒഴിവാക്കുന്നതിനും, അമിത ചൂട് മൂലമുണ്ടാകുന്ന വിവിധ അപകടങ്ങൾ അകറ്റുന്നതിനുമുള്ള സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ജൂലൈ 18-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പിലൂടെ പുറം തൊഴിലിടങ്ങളിലും, അകം തൊഴിലിടങ്ങളിലും കടുത്ത ചൂട് മൂലം ഏൽക്കാനിടയുള്ള അപകടങ്ങൾ മന്ത്രാലയം ചൂണ്ടിക്കാട്ടുകയും, ഇവയെ പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങൾ വിവരിക്കുകയും ചെയ്തിട്ടുണ്ട്. കഠിനമായ വെയിൽ മൂലം ഉണ്ടാകാനിടയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ ധാരാളം വെള്ളം കുടിക്കാൻ (ദാഹം അനുഭവപ്പെടുന്നില്ലെങ്കിൽ പോലും) മന്ത്രാലയം നിർദ്ദേശിച്ചു. ഓരോ 20 മിനിറ്റ് ഇടവേളയിലും ഒരു കപ്പ് വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം ഒഴിവാക്കുന്നതിനും സൂര്യാഘാതമേൽക്കുന്നത് ഒഴിവാക്കുന്നതിനും സഹായകമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
വേനലിലെ ഉയർന്ന താപനില, അന്തരീക്ഷത്തിലെ ഈർപ്പം എന്നിവ മുൻനിർത്തി ഗുരുതരമായ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ തണലുള്ള ഇടങ്ങളിൽ വിശ്രമിക്കാനും, ഇളം നിറങ്ങളിലുള്ള, അയഞ്ഞ, വായുസഞ്ചാരം അനുവദിക്കുന്ന തുണിത്തരങ്ങളാൽ നിർമ്മിച്ച വസ്ത്രങ്ങൾ ഉപയോഗിക്കാനും, തൊപ്പി ഉപയോഗിക്കാനും മന്ത്രാലയം നിർദ്ദേശിച്ചു. സൂര്യാഘാതമേൽക്കുന്നതിന് സാധ്യതയുള്ളയിടങ്ങളിൽ തൊഴിലെടുക്കുന്നവർ ഉയർന്ന താപനില മൂലം സ്വന്തം ശരീരത്തിലും, ഒപ്പം തൊഴിലെടുക്കുന്നവരുടെ ശരീരത്തിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് തുടർച്ചയായി നിരീക്ഷിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.
നനഞ്ഞ മാസ്കുകൾ, മലിനമായ മുഖാവരണങ്ങൾ എന്നിവ കൃത്യമായി മാറ്റുന്നതിനും, ഒപ്പമുള്ള തൊഴിലാളികളുടെ ആരോഗ്യ സ്ഥിതി ഇടയ്ക്കിടെ പരസ്പരം ചോദിച്ച് ഉറപ്പ്‌വരുത്താനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികൾ ഇത്തരം ഇടങ്ങളിൽ തൊഴിലെടുക്കുന്ന വേളയിൽ, ഇത്തരം സാഹചര്യങ്ങളുമായി സ്വന്തം ശരീരം പടിപടിയായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്ന രീതിയിൽ മാത്രം ജോലിയിലേക്ക് പ്രവേശിക്കാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. കഠിനമായ ചൂടുമായി പൊരുത്തപ്പെടുന്നതിനായി ഇത്തരം തൊഴിലാളികൾ ആദ്യ ദിനം, ഷിഫ്റ്റിലെ 20 ശതമാനം സമയം മാത്രം മുഴുവൻ തീവ്രതയോടെ തൊഴിലെടുക്കേണ്ടതും, ശരീരത്തിന് സഹനശേഷി പടിപടിയായി നേടേണ്ടതുമാണ്.
അസ്പഷ്ടമായ രീതിയിൽ സംസാരിക്കുക, അസാധാരണമായ രീതിയിലുള്ള പെരുമാറ്റങ്ങൾ, പെട്ടെന്നുണ്ടാകുന്ന കോച്ചിപ്പിടുത്തം, പേശിവലിവ്, ബോധക്ഷയം മുതലായ ലക്ഷണങ്ങൾ പ്രകടമാകുന്ന ഉടൻ തന്നെ മെഡിക്കൽ ചികിത്സ നിർബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഒപ്പം തൊഴിലെടുക്കുന്ന ആരിലെങ്കിലും ഇത്തരം ലക്ഷണങ്ങൾ പ്രകടമാകുന്ന ഉടൻ തന്നെ അടിയന്തിര സേവനങ്ങൾ ആവശ്യപ്പെടേണ്ടതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അടിയന്തിര ചികിത്സ ലഭ്യമാകുന്നത് വരെ ഇത്തരം ലക്ഷണങ്ങൾ പ്രകടമാകുന്നവരുടെ ശരീരത്തിലെ ചൂട് നിയന്ത്രിക്കുന്നതിനായി തണുത്ത വെള്ളം, ഐസ് എന്നിവ ഉപയോഗിക്കേണ്ടതാണ്.